പൊന്നു സാറേ, രക്ഷിക്കണേ! മോഷണത്തിനിടെ നാട്ടുകാർ പിടികൂടി, ജീവൻ രക്ഷിക്കാൻ പോലീസിനെ വിളിച്ച് മോഷ്ടാക്കൾ!

മോഷ്ടാക്കൾ മോഷ്ടിക്കുന്നതിനിടെ സഹായത്തിന് പോലീസിനെ വിളിച്ചാൽ എങ്ങനെയുണ്ടാകും? എന്നാൽ അത്തരമൊരു സംഭവം നടന്നു. അങ്ങ് ഒഡീഷയിൽ. കഴിഞ്ഞ ഏപ്രിൽ 29 -ാം തിയതിയായിരുന്നു അത്. ഒഡീഷയിലെ ബസന്തി കോളനിയിൽ മോഷണ ശ്രമത്തിനിടെ താമസക്കാർ മോഷ്ടാക്കളെ വീട്ടിനുള്ളിൽ പൂട്ടിയിടുകയും നാട്ടുകാരെ വിളിച്ച് കൂട്ടുകയും ചെയ്തപ്പോൾ, സ്വന്തം ജീവൻ രക്ഷിക്കാൻ മറ്റ് മാർഗമില്ലാതെയാണ് കള്ളന്മാർ പോലീസ് ഹെൽപ്പ് ലൈൻ 112 -ൽ വിളിച്ച് പോലീസിന്‍റെ സഹായം തേടിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ഒരു സിനിമാ കഥ പോലെ വളരെ നാടകീയമായ സംഭവങ്ങളാണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, പ്രതികളായ പ്ലാന്‍റ്സൈറ്റിൽ താമസിക്കുന്ന സിംബ്രുംബ് എന്ന നാനക് സിംഗ് (30), ഛേന്ദിൽ നിന്നുള്ള സത്യേന്ദ്ര കുമാർ സിംഗ് (32) എന്നിവർ വീട്ടുടമസ്ഥനും വാടകക്കാരനും ഇല്ലാതിരുന്ന സമയത്ത് ഒരു ഇരുനില വീട്ടിലാണ് മോഷണത്തിനായി കയറിയത്. ഗണേഷ് ബിസ്വാൾ എന്നയാളിന്‍റെതാണ് വീട്. താഴത്തെ നിലയിൽ വാടകക്കാരനായ മാധവ് കിസാനാണ് താമസിക്കുന്നത്. നാനക് സിംഗും സത്യേന്ദ്ര കുമാർ സിംഗും ചേർന്ന് വീട്ടിൽ കയറി അലമാരയിൽ നിന്നും സ്വർണ്ണം വെള്ളി ആഭരണങ്ങൾ കണ്ടെത്തി മാറ്റിവച്ചു. എന്നാൽ, ഈ സമയത്ത് അടുത്ത വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന ഒരു വൃദ്ധൻ, സംശയകരമായ ശബ്ദങ്ങൾ കേട്ട് അദ്ദേഹത്തിന്‍റെ വീട്ടിലുള്ളവരെ വിളിച്ച് കാര്യം പറഞ്ഞു.

പിന്നാലെ വീട്ടുകാർ മറ്റ് അയൽവാസികളെ കൂടി വിളിച്ചു. പിന്നാലെ നാട്ടുകാരെല്ലാം നിമിഷങ്ങൾക്കുള്ളിൽ വീട് വളഞ്ഞു. വീട്ടിലേക്കുള്ള എല്ലാ വഴികളിലും അവർ നിലയുറപ്പിച്ചു. പുറത്ത് ആളുകൾ കൂടി വരുന്നത് മോഷ്ടാക്കളും അറിഞ്ഞു. അവരുടെ കൈയിൽ തങ്ങൾ അകപ്പെട്ടാൽ പിന്നെ ജീവൻ പോലും ബാക്കിയുണ്ടാകില്ലെന്ന് മനസിലാക്കിയ മോഷ്ടാക്കൾ ഉടനെ പോലീസിന്‍റെ 112 നമ്പറിലേക്ക് വിളിച്ച് സഹായം തേടുകയായിരുന്നു. വിവരം അറിഞ്ഞ് പുലർച്ചെ 2.30 ഓടെ പോലീസ് സ്ഥലത്തെത്തുമ്പോൾ രോഷാകുലരായ നാട്ടുകാർ കള്ളന്മാരെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടെ മോഷ്ടാക്കൾ തങ്ങളുടെ വീട്ടിലേക്കും വിളിച്ച് അകപ്പെട്ട കാര്യം അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

പോലീസ് സ്ഥലത്തെത്തി നാട്ടുകാരെ ശാന്തരാക്കി. പിന്നാലെ വീട്ടിനുള്ളിൽ കയറി മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം വെള്ളി ആഭരണങ്ങളും കണ്ടെടുത്തു. പിന്നാലെ ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി ഉദിത്നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് രാവിലെ, വാടകക്കാരൻ പോലീസ് സ്റ്റേഷനിലെത്തി എഫ്‌ഐആർ ഫയൽ ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. കണ്ടെടുത്ത ആഭരണങ്ങൾ പോലീസ് പരാതിക്കാരന് കൈമാറി. മോഷ്ടാക്കളെ കോടതിയിൽ ഹാജരാക്കിയെന്നും ഇരുവർക്കുമെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു. ഒപ്പം ഇത്തരം കാര്യങ്ങളിൽ പൊതുജനം നിയമം കൈയിലെടുക്കരുതെന്നും പോലീസിനെ വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post