തെരുവുനായ വിഷയത്തില്‍ സുപ്രധാന നിര്‍ദ്ദേശങ്ങളുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം.

പൊതുസ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന തെരുവ് നായ്ക്കളെ വാക്സിനേഷനും വന്ധ്യംകരണത്തിനും ശേഷം വീണ്ടും തുറന്നുവിടരുതെന്ന മുൻ ഉത്തരവ് പിൻവലിക്കാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി. 2025 നവംബറിലെ ഉത്തരവിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയായിരുന്നു. ഇത്തരം നായ്ക്കളെ പ്രത്യേക ഷെൽട്ടറുകളിൽ പാർപ്പിക്കണമെന്നും, അധികൃതർക്ക് കോടതി നിർദ്ദേശം നൽകി. 

കുട്ടികൾ, പ്രായമായവർ, യാത്രക്കാർ എന്നിവർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്നതായി പറഞ്ഞ കോടതി, ഉത്തരവുകൾ നടപ്പാക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ  നടപടിയുണ്ടാകുമെന്നും  മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അനിമൽ ബർത്ത് കൺട്രോൾ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും പേവിഷ ബാധക്കെതിരെയുള്ള വാക്സിനുകൾ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

 അപകടകാരികളായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കുന്നത് ഉൾപ്പെടെയുള്ള  നടപടികൾ സ്വീകരിക്കാനും  നിർദ്ദേശിച്ചിട്ടുണ്ട്.  ഈ ഉത്തരവുകളുടെ നടത്തിപ്പ് ഹൈക്കോടതികൾ നിരീക്ഷിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post