ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മനു റാംജി ദാമോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. മനുവിന്‍റെ ഭാര്യ കംലാബെന്‍ മന്ത്രവാദം നടത്തുകയാണെന്ന രീതിയില്‍ ഗ്രാമത്തിൽ കിംവദന്തികളുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ കുടുംബത്തിന് ഗ്രാമവാസികളിൽ നിന്ന് കുറച്ചുകാലമായി ഉപദ്രവം നേരിട്ടിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.അക്രമാസക്തരായ ഒരു കൂട്ടം ഗ്രാമീണർ ഒത്തുകൂടി കംലാബെനോടും ഭർത്താവ് മനുഭായ് റാംജിഭായ് ദാമോറിനോടും ഉടൻ തന്നെ സാധനങ്ങൾ പായ്ക്ക് ചെയ്ത് ഗ്രാമം വിട്ടുപോകാൻ ആജ്ഞാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കംലാബെനെ ശാരീരികമായി ആക്രമിക്കാൻ ആൾക്കൂട്ടം വീട്ടിലേക്ക് ഇരച്ചുകയറുകയും കല്ലെറിയുകയും ചെയ്തു.
ഭാര്യയുടെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ മനുഭായും മക്കളും ചേർന്ന് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് കുടുംബത്തെ ആക്രമിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനുഭായിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. ആക്രമണത്തിൽ ഇരുവരുടെയും രണ്ട് മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വൽജി സലൂജി ദാമോർ, ജിഗ്നേഷ് വൽജി ദാമോർ, രോഹിത് റോയ്, ജീവാജി സലൂജി ദാമോർ, നാഗ്ജി സലൂജി ദാമോർ, ഹീരാജി സലൂജി ദാമോർ, വിജയ് ഹീരാജി ദാമോർ, കാന്തി സലൂജി ദാമോർ, സംഗീത നാഗ്ജി ദാമോർ, അരുണ വൽജി ദാമോർ, ശാരദ കാന്തി ദാമോർ, സീത ഹീരാജി ദാമോർ എന്നിവരാണ് അറസ്റ്റിലായവർ. ഒളിവിലുള്ള പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post a Comment