രാജ്യത്തെ പതിനാറാമത്തെ ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027ന്റെ ഭാഗമായി ജില്ലാ സെന്‍സസ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍, കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിങ് ഹാള്‍ എന്നിവിടങ്ങളില്‍ മൂന്നു ബാച്ചുകളിലായി 30 പേര്‍ക്ക് വീതമാണ് പരിശീലനം നല്‍കിയത്.
പരിശീലനത്തില്‍ എ.ഡി.എം പി അഖില്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അജിലി വാസുദേവന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജേഷ്, സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ് മൊബൈല്‍ ആപ്പ് വഴിയാണ് നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് (ഹൗസ് ലിസ്റ്റിങ് ഓപറേഷന്‍ -എച്ച്.എല്‍.ഒ) ആദ്യഘട്ടം. ഇതിനായി ജൂലൈ ഒന്ന് മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ഇതിന് മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ വ്യക്തികള്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ (https://se.census.gov.in) വഴി സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. 2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണവും ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.
Post a Comment