മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയത്.വീണ്ടും പരീക്ഷ നടത്താൻ വിജ്ഞാപനം പുറത്തുവിടുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജൻസി (NTA) വാർത്താക്കുറിപ്പില്‍ അറിയിച്ചു. പരീക്ഷയുടെ പുതുക്കിയ തിയതി ഉടനെ അറിയിക്കും. വീണ്ടും പരീക്ഷ എഴുതുന്നവർക്ക് പുതിയ രജിസ്‌ട്രേഷൻ വേണ്ടെന്നും ഫീസ് അടക്കേണ്ടെന്നും എൻടിഎ അറിയിച്ചു. റദ്ദാക്കിയ പരീക്ഷാ ഫീസ് വിദ്യാർത്ഥികള്‍ക്ക് തിരിച്ചു നല്‍കാമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ ഏജൻസികള്‍ക്ക് പുറമെ എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണത്തിന്റെ കണ്ടെത്തലിന്റെയും കൂടി അടിസ്ഥാനത്തിലാണ് നടപടി. ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച കൂടുതല്‍ അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിർദേശവും എൻടിഎ നല്‍കിയിട്ടുണ്ട്. ഏകദേശം 24 ലക്ഷത്തോളം വിദ്യാർത്ഥികളാണ് മെയ് മൂന്നിന് നീറ്റ് പരീക്ഷ എഴുതിയത്.
പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ക്രമക്കേടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 2026 ലെ നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്ന ആരോപണത്തില്‍ രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം നടത്തിയിരുന്നു. പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഒരു ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാർത്ഥ ചോദ്യപേപ്പറിലും വന്നതായാണ് കണ്ടെത്തിയത്.
ഏകദേശം 410 ചോദ്യങ്ങളടങ്ങിയ ഒരു ഗെസ് പേപ്പർ പരീക്ഷയ്ക്ക് ഒരു മാസം മുൻപ് തന്നെ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. ഇതിലെ 120 കെമിസ്ട്രി ചോദ്യങ്ങള്‍ നീറ്റ് പരീക്ഷയില്‍ അതേപടി വന്നതായാണ് എഡിജിപി വിശാല്‍ ബൻസാല്‍ വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കിടയിലും പരീക്ഷാ നടത്തിപ്പ് സുതാര്യമായിരുന്നു എന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജൻസി അവകാശപ്പെട്ടിരുന്നത്.
Post a Comment