ദേശീയപാത: ഉപഗ്രഹ ടോളില്ല, ജീവനക്കാരും ഗേറ്റും ഇല്ലാത്ത ടോൾ പ്ലാസ സംവിധാനം വന്നേക്കും.

ദേശീയപാതയിൽ ഉപഗ്രഹ ടോൾ പിരിവ് തുടങ്ങാൻ നിലവിൽ പദ്ധതിയില്ലെന്ന് ദേശീയപാതാ അധികൃതർ. ഉപഗ്രഹ ടോൾ പിരിവ് നടപ്പാക്കണമെങ്കിൽ വിദേശ ഉപഗ്രഹങ്ങളെ ആശ്രയിക്കേണ്ടി വരും. യൂറോപ്പിലെ ഗലീലിയോ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം പോലുള്ളവയാണ് ഇതിന് ഉപയോഗിക്കേണ്ടത്.

ഡേറ്റ ചോർച്ച ചൂണ്ടിക്കാട്ടി ഐ.എസ്.ആർ.ഒ അടക്കമുള്ള ശാസ്ത്ര-സാങ്കേതിക ഏജൻസികൾ ഇതിനെ എതിർക്കുകയാണ്. സ്വന്തമായി ഇത്തരം ഉപഗ്രഹം രൂപപ്പെടുത്താൻ നാലഞ്ചു വർഷം എടുക്കും.

ഇതിനുപകരമായി ജീവനക്കാരും ഗേറ്റും ഇല്ലാത്ത ടോൾ പ്ലാസ സംവിധാനമാണ് ആലോചിക്കുന്നത്. ടോൾ കേന്ദ്രത്തിലൂടെ നിശ്ചയിച്ച വേഗത്തിൽ (30 കിലോമീറ്റർ) വാഹനം കടന്നുപോകുമ്പോൾ മികച്ച ക്യാമറാ സംവിധാനം ഉപയോഗിച്ച് ഫാസ്ടാഗ് പകർത്തി ഫീസ് ഈടാക്കുന്നതാണിത്.

ഫാസ്ടാഗില്ലാത്തവർക്കും കടന്നുപോകാമെങ്കിലും അവർക്ക് ചെറിയ പിഴയോട് കൂടിയുള്ള അറിയിപ്പ് സന്ദേശം എസ്.എം.എസ്സായി ലഭിക്കും. ഇത് വെബ്സൈറ്റിൽ കയറി അടക്കാം. പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post