കാമുകനെ ജീവനോടെ കത്തിച്ച് ചാരം ജനലിലൂടെ എറിഞ്ഞു ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

കാമുകനെ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി നടത്തിയത് വന്‍ ആസൂത്രണമെന്ന് പൊലീസ്. ചൊവ്വാഴ്ചയാണ് 27കാരനായ കിരണ്‍ എന്ന യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രേമ എന്ന യുവതി തീകൊളുത്തി കൊന്നത്.  കൊലപാതകത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കേസില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും ബംഗളൂരു പൊലീസ് അറിയിച്ചു. 

ഒരു സ്വകാര്യ ടെലികോം സ്ഥാപനത്തിലെ ജീവനക്കാരായ കിരണും പ്രേമയും ഏകദേശം രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും നാല് വർഷത്തിലേറെയായി പരസ്പരം പരിചയമുണ്ടെന്നും ബ്യാദരഹള്ളി പൊലീസ് പറഞ്ഞു. എന്നാല്‍ അടുത്തിടെയായി കിരണ്‍ മുന്‍ കാമുകിയുമായി അടുപ്പത്തിലായെന്നും തന്നോട് അകലം പാലിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് യുവതി പറയുന്നു. 

മുന്‍ കാമുകിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തതിന് ശേഷമാണ് കിരണ്‍ അകലം പാലിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് കിരൺ പ്രേമയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അഞ്ജനനഗറിലെ വീട്ടിൽ വെച്ച് കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാമെന്നും പാശ്ചാത്യ ശൈലിയിലുള്ള വിവാഹാഭ്യർത്ഥന നടത്തുമെന്നും പറഞ്ഞാണ് കിരണിനെ വിളിച്ച് വരുത്തുന്നത്. കിരണ്‍ എത്തിയ ഉടനെ, അവൾ അയാളുടെ കണ്ണുകൾ കെട്ടി ഒരു കസേരയിലിരുത്തി. വായിൽ തുണി തിരുകുകയും കൈയും കാലും കെട്ടിയിടുകയും ചെയ്തു. ഇതെല്ലാം വിവാഹാഭ്യര്‍ഥനയുടെ ഭാഗമാണെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ കിരണിന്‍റെ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു.

സംഭവസ്ഥലത്ത് വച്ചു തന്നെ കിരണ്‍ മരിക്കുകയും ചെയ്തു.രണ്ട് ദിവസത്തെ ആസൂത്രണമായിരുന്നു കൊലപാതകമെന്നും അത് എങ്ങനെ നടപ്പാക്കണമെന്ന് മനസ്സിലാക്കാൻ ഓൺലൈൻ വീഡിയോകൾ കണ്ടിരുന്നുവെന്നും പ്രേമ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൊലപാതകം നടത്താനായി കൈവിലങ്ങുകൾ, ബെൽറ്റ് തുടങ്ങിയ സാധനങ്ങൾ ഓൺലൈനായാണ് യുവതി വാങ്ങിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 

കിരണിനെ തീകൊളുത്തിയ ശേഷം, കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളും ചാരവും ജനാലയിലൂടെ വലിച്ചെറിഞ്ഞ് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കിരൺ തീകൊളുത്തിയപ്പോൾ താൻ കുളിമുറിയിലായിരുന്നുവെന്നും അത് ആത്മഹത്യയാണെന്നുമാണ് പ്രേമ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാല്‍ ഫോറന്‍സിക് പരിശോധനയും മറ്റ് തെളിവുകളും ആത്മഹത്യാനാടകത്തെ പൊളിക്കുകയായിരുന്നു.

 കൊലപാതകത്തിന്‍റെ വിഡിയോ പ്രതിയായ യുവതി മൊബൈൽ ഫോണിൽ പകര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇത് അന്വേഷണത്തിന്‍റെ ഭാഗമായി വിശകലനം ചെയ്യും. പ്രതി ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത്, അതോ മറ്റുള്ളവരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post