ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചുരിദാറിന്‍റെ ടോപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ നിന്നും ലഭിച്ചു. വാഴവരയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന്‍റെ ദൃശ്യങ്ങളാണിത്. തിരിച്ചറിയാതിരിക്കാൻ സ്ത്രീകളുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. ഷാജി അഗസ്റ്റിന്‍റെ ഉടമസ്ഥതയിലുള്ള ജീവൻ സ്റ്റോഴ്സ്, ആശ്രമം ജംക്‌ഷനിൽ ബിജു ചമ്പക്കുളത്തിന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണീസ് ഡെയ്‌ലി ഫ്രഷ് എന്നീ കടകളിലായിരുന്നു മോഷണം. പണം ഉൾപ്പെടെ ഏകദേശം 80,000 രൂപയുടെ നഷ്ടമായി.
വിൽപനയ്ക്കു വച്ചിരുന്ന ടോർച്ചും എമർജൻസി ലൈറ്റും സോപ്പ് ഉൾപ്പെടെയുള്ള വസ്തുക്കളും മോഷ്ടിച്ചിട്ടുണ്ട്. ബിജുവിന്‍റെ കടയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിയാനായിട്ടില്ല. ചുരിദാർ ടോപ്പ് ധരിച്ച് തുണികൊണ്ട് മുഖം മറച്ചാണ് പ്രതി എത്തിയതാണ് തിരിച്ചറിയാൻ ബുദ്ധിമുട്ട് സഷ്ടിക്കുന്നത്. ചില ക്യാമറകൾ പ്രതി ദിശ തിരിച്ചുവയ്ക്കുകയും ചെയ്തു.
വിരലടയാളം പതിഞ്ഞ സ്ഥലങ്ങളെല്ലാം തുണികൊണ്ട് തുടയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. 25ന് രാത്രി ഒൻപതോടെ കട അടച്ച് വീട്ടിലേക്കു പോയ ഉടമകൾ അടുത്ത ദിവസം രാവിലെ ഏഴോടെ കട തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടത്. പുലർച്ചെ ഒന്നിനു ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. സംഭവം സംബന്ധിച്ച് കട്ടപ്പന പൊലീസ് അവന്വേഷണം തുടങ്ങി.
Post a Comment