പശ്ചിമേഷ്യൻ യുദ്ധത്തിൽ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം.

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക ആക്രമണങ്ങളെത്തുടർന്ന് ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് അയച്ച കത്തിൽ, വിദേശത്തെ സംഭവവികാസങ്ങൾ രാജ്യത്തിനകത്ത് 'പ്രതിഫലനങ്ങൾ' ഉണ്ടാക്കിയേക്കാമെന്നും അതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളിലും മതപരമായ ഒത്തുചേരലുകളിലും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രസംഗങ്ങൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്. ഇറാൻ അനുകൂല നിലപാടുള്ള തീവ്ര പ്രഭാഷകർ വിദ്വേഷം പടർത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്രം വിലയിരുത്തുന്നു. ക്രമസമാധാന നില തകരാതിരിക്കാൻ രഹസ്യാന്വേഷണ വിവരങ്ങൾ കൃത്യസമയത്ത് കൈമാറാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സംസ്ഥാന അധികാരികളോട് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര വിഷയങ്ങളെ മുൻനിർത്തി വൈകാരികമായി ജനങ്ങളെ ഇളക്കിവിടാൻ തീവ്രവാദ സംഘടനകൾ ശ്രമിച്ചേക്കാം. ഇത്തരം നീക്കങ്ങളെ മുളയിലേ നുള്ളണം. പശ്ചിമേഷ്യയിൽ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കാണ് രാജ്യം മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, ജമ്മു കശ്മീരിൽ സ്ഥിതിഗതികൾ സംഘർഷ ഭരിതമായതോടെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉന്നതതല സുരക്ഷാ യോഗം ചേർന്ന് ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. ശ്രീനഗറിലെ ലാൽ ചൗക്കിൽ ഷിയ-സുന്നി വിഭാഗങ്ങൾ സംയുക്തമായി അമേരിക്കൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. ബദ്ഗാം, പൂഞ്ച്, ബാരാമുള്ള എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. റമ്പാനിൽ ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിച്ചു. 

കശ്മീരിൽ നാളെ ബന്ദിന് ആഹ്വാനമുണ്ട്. കാർഗിലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത കൂറ്റൻ പ്രതിഷേധ മാർച്ച് നടന്നു. ലഡാക്കിലെ ജനജീവിതം പ്രതിഷേധത്താൽ തടസ്സപ്പെട്ടിരിക്കുകയാണ്. ജന്തർ മന്തറിൽ ഷിയാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ഈ സാഹചര്യത്തിലായിരുന്നു കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയത്.

Post a Comment

Previous Post Next Post