ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. കഴിഞ്ഞ ദിവസമാണ് മൂക്കുതല സ്വദേശിയായ യുവാവിനെ ലോണ്‍ ആപ് തട്ടിപ്പ് സംഘം കെണിയില്‍ പെടുത്തിയത്.
മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്ത് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്ന രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കാനും ശ്രമം നടന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് പിന്‍വലിക്കാന്‍ ശ്രമിച്ച രണ്ടു ലക്ഷത്തോളം രൂപ ചങ്ങരംകുളം പൊലീസിന്റെയും സൈബര്‍ സെക്യൂരിറ്റി ടീമിന്റെയും സഹായത്തോടെ തിരിച്ചെടുത്തു.
മൊബൈലില്‍ ലോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് പണം എടുക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന് പണം എടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രമം ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇതിനകം തട്ടിപ്പ് സംഘം യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും മൊബൈല്‍ ഫോണ്‍ പൂര്‍ണമായും ഹാക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തന്റെ അക്കൗണ്ടില്‍ മുമ്പ് ബാലന്‍സ് ഉണ്ടായിരുന്ന പണം തട്ടിപ്പ് സംഘം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിച്ചതായി യുവാവ് കണ്ടെത്തിയത്.
പരിഭ്രാന്തനായ യുവാവ് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. ചങ്ങരംകുളം പൊലീസിന്റെയും സൈബര്‍ സെക്യൂരിറ്റി സെക്ഷനില്‍ ജോലി ചെയ്യുന്ന ചിയ്യാനൂര്‍ സ്വദേശിയായ ഫഹദിന്‍റെയും അവസരോചിതമായ ഇടപെടലില്‍ രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യുവാവിന്‍റെ പണം തട്ടിപ്പ് സംഘത്തില്‍ നിന്ന് തിരിച്ചെടുത്തു. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ് തട്ടിപ്പ് സംഘമാണ് പിന്നിലെന്നും ഇത്തരം തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
Post a Comment