കോഴിക്കോട് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടുത്തം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ രാത്രിയോടെ നിയന്ത്രണ വിധേയമാക്കി. പുറത്തേക്ക് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയെങ്കിലും കെട്ടിടത്തിനുള്ളിൽ തീ കത്തുന്നുണ്ട്. തീ പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പാളയത്തുള്ള ജയലക്ഷ്മി സിൽക്സിസിന്‍റെ നാല് നില കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ തുടങ്ങിയ തീപ്പിടിത്തം മറ്റ് നിലകളിലേക്കും വ്യാപിച്ചത്.
ജീവനക്കാരെ മുഴുവൻ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ജില്ലയിലെ വിവിധ ഭാഗത്ത് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിയാണ് രണ്ട് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കിയത്. തീ നിയന്ത്രണ വിധേയമാക്കിയശേഷം ഫയര്‍ഫോഴ്സ് അംഗങ്ങള്‍ കെട്ടിടത്തിന്‍റെ അകത്തേക്ക് കയറി. 20ലധികം ഫയര്‍ എഞ്ചിനുകളാണ് എത്തിയത്. ഇതിനുപുറമെ കരിപ്പൂര്‍ വിമാനത്താവളത്തിൽ നിന്നുള്ള ഫയര്‍ എഞ്ചിനും സ്ഥലത്തെത്തി.
റെയിൽവെ സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജയലക്ഷ്മി സിൽക്സിന്‍റെ മൂന്നു നിലകളിലായി തീ ആളിപടരുകയായിരുന്നു. ആദ്യം മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് തീ അണയ്ക്കാനെത്തിയത്. പിന്നീട് ജില്ലയിലെ മറ്റുഭാഗങ്ങളിൽ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി. തീ വളരെ വേഗത്തിൽ ആളിപടര്‍ന്നതും കെട്ടിടത്തിലെ ഗ്ലാസുകള്‍ പൊട്ടിതകരുന്നതും തീയണക്കുന്നതിന് വെല്ലുവിളിയായി.
തീപടര്‍ന്ന ഉടനെ ജീവനക്കാരും ഉപഭോക്താക്കളും പുറത്തിറങ്ങുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. പിന്നീട് മുകളിലത്തേ നിലകളിലേക്ക് പടര്‍ന്നു വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന്‍റെ ഭാഗത്ത് നിന്നുമാണ് തീ ആദ്യം ആളിപടര്‍ന്നത്. രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കിയത്. നിലവിൽ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുമെന്ന ഭീഷണി ഒഴിവായിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ കെട്ടിടത്തിൽ തീപിടിത്തമുണ്ടായിരുന്നെങ്കിലും ഇത്രയധികം ആളിപടര്‍ന്നിരുന്നില്ല.
Post a Comment