ശബരിമല തീർത്ഥാടകരെ കെഎസ്ആർടിസി ബസില്‍ നിന്ന് രാത്രി ഇറക്കിവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. രാത്രിയിൽ യാത്രക്കാരെ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ പറഞ്ഞു. ആരെയും വഴിയിൽ ഇറക്കിവിടരുതെന്ന് സിഎംഡി ഉത്തരവ് നിലവിലുണ്ട്. കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നതെന്നും മന്ത്രി ചോദിച്ചു. പണം ഇല്ലെങ്കിൽ പോലും അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി പ്രതികരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും ഗണേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. വിജിലൻസ് വിഭാഗവും കേസിൽ അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ കണ്ടക്ടർ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ സ്ഥലംമാറ്റ നടപടി റദ്ദാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. നിലയ്ക്കൽ സ്റ്റാന്‍ഡിലായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ, സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീര്‍ത്ഥാടകരെ ഇറക്കിവിട്ടെന്നാണ് പരാതി. പമ്പ - തിരുവനന്തപുരം കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെയാണ് തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയത്. വയോധികരും കുഞ്ഞും അടങ്ങുന്ന 13 അംഗം സംഘത്തിനാണ് ദുരനുഭവമുണ്ടായത്. തീര്‍ത്ഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെയും വഴിയിലൂടെ നടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏറെ നേരെ വനമേഖലയിൽ കാത്തുനിന്നശേഷം വാഹനം വിളിച്ചു വരുത്തിയശേഷമാണ് സംഘത്തിന് വീണ്ടും യാത്ര തുടങ്ങാനായത്.
സംഭവത്തിൽ താൽക്കാലിക ജീവനക്കാരനായ ബസ് ഡ്രൈവറെ പിരിച്ചുവിടാനും കണ്ടക്ടരെ സ്ഥലംമാറ്റാനും മന്ത്രി ഇന്നലെ നിർദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം പൂവാറിൽ നിന്ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലം മാറ്റിയത്. സംഭവത്തില്‍ അന്വേഷണത്തിനും ഗതാഗത മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവർ സജികുമാർ മാത്രമാണ് മോശമായി പെരുമാറിയതെന്ന് സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ പ്രതികരിച്ചു. കണ്ടക്ടർ യാത്രക്കാരുടെ ആവശ്യത്തിനൊപ്പമാണ് നിന്നതെന്നും സംഘത്തിലുണ്ടായിരുന്ന രതീഷ് പറഞ്ഞു.
Post a Comment