'വണ്ടി വിട് മോനെ, റോഡിലൂടെ'; നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ചയാളെ തടഞ്ഞ് അമ്മൂമ്മ, വൈറലായി വിഡിയോ.

തിരക്കേറിയ റോഡ്, തലങ്ങും വിലങ്ങും വാഹനങ്ങള്‍. അതിനിടയില്‍ ഒരു സ്‌കൂട്ടറുകാരന്‍ നേരെ നടപ്പാതയിലേക്ക് കയറി. എന്നാല്‍, മുന്നിലതാ ഒരു അമ്മൂമ്മ. ഒറ്റച്ചോദ്യം, 'നടപ്പാതയിലൂടെ എങ്ങോട്ടാ? വണ്ടി വിട് മോനേ റോഡിലൂടെ'. സ്‌കൂട്ടറുകാരന്‍ പഠിച്ച പണി പതിനെട്ടും നോക്കി മുന്നോട്ട് പോകാന്‍. നടപ്പാതയില്‍ അമ്മൂമ്മ ഉറച്ചുനിന്നു. ഫോണ്‍ എടുത്ത് വിഡിയോ പകര്‍ത്താനും തുടങ്ങി. ഒടുവില്‍ സ്‌കൂട്ടറുകാരന്‍ പിന്‍വാങ്ങി. നടപ്പാതയില്‍ നിന്ന് ഇറങ്ങി റോഡിലൂടെ ഓടിച്ച് പോയി.

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഈ വിഡിയോ. കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമാണ് സംഭവം. റോഡിലെ തിരക്കിനിടയില്‍ നടപ്പാതയിലൂടെ 'ഷോര്‍ട്ട് കട്ട്' എടുക്കാന്‍ നോക്കിയ ആളെയാണ് അമ്മൂമ്മ നിയമം പഠിപ്പിച്ച് തിരിച്ചയച്ചത്. ഒരു വ്‍ളോഗര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. വിഡിയോ വൈറലായതോടെ 'ആരാണാ പോരാളി' എന്ന് തിരക്കി ഇറങ്ങിയിരിക്കുകയാണ് കേരള പൊലീസും. വൈറല്‍ വിഡിയോയിലെ അമ്മൂമ്മയെ അറിയാവുന്നവര്‍ വിവരം നല്‍കണമെന്നാണ് പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post