നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോടതി വെറുതെ വിട്ട നടൻ ദിലീപിന്‍റെ സിനിമ കെ.എസ്.ആർ.ടി.സി ബസിൽ പ്രദർശിപ്പിച്ചതിനെച്ചൊല്ലി തർക്കം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് തൊട്ടിൽപാലത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് സംഭവം. ദിലീപിന്‍റെ ‘ഈ പറക്കും തളിക’ എന്ന സിനിമ ബസിൽ പ്രദർശിപ്പിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ. ശേഖർ എന്ന യുവതി പ്രതിഷേധമുയർത്തി.
നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ കോടതിവിധി ചൂണ്ടികാട്ടി ഇവരെ എതിർത്തും അനുകൂലിച്ചും മറ്റ് ചില യാത്രക്കാരും എത്തി. ബഹളമായതോടെ കെ.എസ്.ആർ.ടി.സി ബസിലെ കണ്ടക്ടർ പ്രദർശനം നിർത്തിവെച്ചു. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട കോടതി വിധി വന്നതിന് പിന്നാലെ പുതിയ ചിത്രം ‘ഭ ഭ ബ’യുടെ ട്രെയ്‍ലർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ കാമിയോ റോളിൽ മോഹൻലാലും എത്തുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലും ഉണ്ടെന്ന് അറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിലെ മോഹൻലാലിന്‍റെ പേജുകളിലെ കമന്‍റ് ബോക്സിൽ ചിത്രം കാണില്ലെന്ന് വ്യക്തമാക്കി നിരവധി പേർ രംഗത്തുവന്നിരുന്നു. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രം ഗോകുലം ഗോപാലൻ ആണ് നിർമിച്ചിരിക്കുന്നത്.
Post a Comment