കനത്ത മൂടൽമഞ്ഞിൽ കാഴ്ച മറഞ്ഞു; കാർ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികൾക്ക് ദാരുണാന്ത്യം.

കാർ കനാലിലേക്ക് മറിഞ്ഞ് സ്‌കൂൾ അധ്യാപകരായ ദമ്പതികൾ മരിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റോഡിലെ ദൃശ്യപരത ഗണ്യമായി കുറഞ്ഞ സമയത്താണ് അപകടമുണ്ടായത്. പഞ്ചാബിലെ മോഗ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം.

പഞ്ചാബ് ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംഗത്പുര ഗ്രാമത്തിലെ പോളിംഗ് ബൂത്തിലേക്ക് പോവുകയായിരുന്നു കമൽജീത് കൗർ. ഭർത്താവ് ജാസ് കരൺ സിംഗ് ഭാര്യയെ കൊണ്ടുവിടാൻ പോകവേയാണ് അപകടമുണ്ടായത്. കനത്ത മൂടൽമഞ്ഞ് കാരണം മുന്നിലുള്ള റോഡ് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരുവരും മോഗ ജില്ലയിലെ സർക്കാർ സ്കൂളിൽ അധ്യാപകരായിരുന്നു.

മൂടൽമഞ്ഞിൽ നിരവധി അപകടങ്ങൾ
ഇന്ന് മൂടൽമഞ്ഞ് കാരണം നിരവധി റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റോഹ്തക്കിലെ മെഹാം പ്രദേശത്ത് ഒരു വലിയ അപകടം സംഭവിച്ചു. അവിടെ 35-40 വാഹനങ്ങൾ കൂട്ടിയിടിച്ചു. കൂടുതലും ട്രക്കുകളാണ് കൂട്ടിയിടിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഹൈവേയിലാണ് അപകടം നടന്നത്. ഒരു ട്രക്കും കാറും കൂട്ടിയിടിച്ചതിന് പിന്നാലെയാണ് മറ്റു കൂട്ടിയിടികൾ ഉണ്ടായത്.

ഹിസാറിലും റെവാരിയിലും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹിസാറിൽ, ദേശീയപാത 52 ലെ ദിക്താന മോഡയിൽ രാവിലെ 8 മണിയോടെ രണ്ട് ബസുകൾ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചു. റെവാരിയിൽ ദേശീയപാത 352 ൽ, ദൃശ്യപരത കുറഞ്ഞതിനാൽ നാല് ബസുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് അപകടം സംഭവിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൂടൽമഞ്ഞിൽ വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് പൊലീസ് ഓർമിപ്പിക്കുന്നു. മൂടൽമഞ്ഞ് ദൃശ്യപരത കുറയ്ക്കുന്നതിനാൽ മുന്നിലുള്ള വാഹനങ്ങളും റോഡിന്റെ അവസ്ഥയും കാണാൻ പ്രയാസമായിരിക്കും. ഈ സാഹചര്യത്തിൽ വേഗത കുറയ്ക്കുകയും മറ്റു വാഹനങ്ങളുമായി അകലം പാലിക്കുകയും ചെയ്യുന്നത് അപകടങ്ങൾ തടയാൻ സഹായിക്കും.


Post a Comment

Previous Post Next Post