ക്രിസ്മസ് അവധി: ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസുകള്‍ പ്രഖ്യാപിച്ചു.

ക്രിസ്‌മസ്-പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി റൂട്ടുകളിലാണ് ദക്ഷിണ റെയിൽവേ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം ശബരിമല തീർഥാടനകാലം പരിഗണിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ നിലവിലുള്ള ചില പ്രത്യേക സർവീസുകൾ ഒരു മാസത്തോളം നീട്ടി.

ക്രിസ്മസ് കാലത്തെ യാത്രാത്തിരക്കിനെ കുറിച്ചു കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പതിവ് തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ലഭ്യമല്ലാത്തത് ചൂണ്ടിക്കാട്ടുകയും പ്രത്യേക സർവീസുകൾ ഉടൻ പ്രഖ്യാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഉന്നയിക്കുകയുംചെയ്‌തിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (07361) ഡിസംബർ 23-ന് രാവിലെ 6.55-ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25-ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽ എത്തും. 2.35-ന് ഇവിടെനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. കെആർപുരത്തും (ഉച്ചയ്ക്ക് ശേഷം 2.46) ബെംഗാരപ്പേട്ടും( 3.33) സ്റ്റോപ്പുണ്ട്. തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(07362) ഡിസംബർ 24-ന് ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് എസ്എംവിടിയിൽ എത്തും.ഇരുസർവീസുകൾക്കും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.

എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടി(06561) ഡിസംബർ 27-ന് വൈകീട്ട് മൂന്നിന് എസ്എംവിടിയിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.25-ന് കൊല്ലത്ത് എത്തും. കെആർപുരത്തും(3.10), ബെംഗാരപ്പേട്ടും(നാല്) സ്റ്റോപ്പുണ്ട്. കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടി (06562) ഡിസംബർ 28-ന് രാവിലെ 10.40-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയിൽ എത്തിയതിന് ശേഷം രാവിലെ 10.30-ന് ഹുബ്ബള്ളിയിൽ എത്തും. ഇരു സർവീസുകൾക്കും കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നാല് തീവണ്ടികളിലും ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും.

നേരത്തേ ഡിസംബർ 28 വരെ പ്രഖ്യാപിച്ചിരുന്ന ഹുബ്ബള്ളി-കൊല്ലം പ്രത്യേക തീവണ്ടി(07313) ജനുവരി നാല് മുതൽ 25 വരെയും ഡിസംബർ 29-ന് അവസാനിപ്പിക്കേണ്ടിരുന്ന കൊല്ലം-ഹുബ്ബള്ളി പ്രത്യേക തീവണ്ടിയും (07314) ബെംഗളൂരു എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06523) ജനുവരി അഞ്ച് മുതൽ 26 വരെയും ഡിസംബർ 30-ന് സർവീസ് അവസാനിപ്പിക്കേണ്ട തിരുവനന്തപുരം നോർത്ത് -ബെംഗളൂരു എസ്എംവിടി പ്രത്യേക തീവണ്ടി(06524) ജനുവരി ആറ് മുതൽ 27 വരെയും ഡിസംബർ 25-ന് സർവീസ് അവസാനിപ്പിക്കേണ്ടിയിരുന്ന എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടി (06547) ജനുവരിൽ ഒന്ന് മുതൽ 29 വരെയും ഡിസംബർ 26 വരെ പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം നോർത്ത്-എസ്എംവിടി പ്രത്യേക തീവണ്ടിയും (06548),
എസ്എംവിടി-തിരുവനന്തപുരം നോർത്ത് പ്രത്യേക തീവണ്ടിയും (06555) ജനുവരി രണ്ട് മുതൽ 30 വരെയും ഡിസംബർ 28 വരെ സർവീസ് നടത്തേണ്ടിയിരുന്ന തിരുവനന്തപുരം നോർത്ത് -എസ്എംവിടി തീവണ്ടി (06556) ജനുവരി നാല് മുതൽ ഫെബ്രുവരി ഒന്ന് വരെയുമാണ് സർവീസ് നീട്ടിയത്.

Post a Comment

Previous Post Next Post