പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഡിസംബര്‍ 11ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തില്‍ ചെല്ലുന്ന സമ്മതിദായകന്‍ ഒന്നാം പോളിങ് ഓഫീസറുടെ അടുത്താണ് ആദ്യം എത്തേണ്ടത്. സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ പോളിങ് ഓഫീസര്‍ക്ക് നല്‍കണം. രേഖകളിലെ വിവരങ്ങള്‍ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിങ് ഓഫീസര്‍ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തര്‍ക്കമില്ലെങ്കില്‍ വോട്ടര്‍പട്ടികയില്‍ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിങ് ഓഫീസര്‍ അടയാളമിടും.

 ഇതിനുശേഷം സമ്മതിദായകന്‍ രണ്ടാം പോളിങ് ഓഫീസറുടെ അടുത്തെത്തണം. വോട്ട് രജിസ്റ്ററില്‍ ക്രമനമ്പര്‍ രേഖപ്പെടുത്തി പോളിങ് ഓഫീസര്‍ സമ്മതിദായകന്റെ ഒപ്പോ വിരലടയാളമോ വാങ്ങും. തുടര്‍ന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ടുവിരല്‍ പരിശോധിച്ച് അതില്‍ നഖം മുതല്‍ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.

മഷി അടയാളം പുരട്ടിയശേഷം സമ്മതിദായകന്‍ അത് തുടച്ചുകളയാന്‍ പാടില്ല. ഇടത് ചൂണ്ടുവിരല്‍ ഇല്ലെങ്കില്‍ സമ്മതിദായകന്റെ ഇടത് കൈയിലെ നടുവിരലില്‍ പോളിങ് ഓഫീസര്‍ മഷി അടയാളം പതിക്കും. ഇടത് കൈയില്ലാത്തവരാണെങ്കില്‍ വലതുകൈയിലെ ചൂണ്ടുവിരലില്‍ മഷികൊണ്ട് അടയാളപ്പെടുത്തും. തുടര്‍ന്ന് സമ്മതിദായകന് പോളിങ് ഓഫീസര്‍ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നല്‍കും.
വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷം മൂന്നാം പോളിങ് ഓഫീസര്‍ വോട്ടിങ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാന്‍ സമ്മതിദായകനെ അനുവദിക്കും. വോട്ട് ചെയ്യാന്‍ പാകത്തില്‍ വോട്ടിങ് മെഷീനിലെ കണ്‍ട്രോള്‍ യൂണിറ്റിന്റെ സ്വിച്ച് പോളിങ് ഓഫീസര്‍ അമര്‍ത്തുമ്പോള്‍ ബാലറ്റ് യൂണിറ്റുകള്‍ വോട്ട് ചെയ്യാന്‍ സജ്ജമാവും.  

ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതമാണ് രേഖപ്പെടുത്താനാവുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിക്കുന്നത്. വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഈ സമയത്ത് ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശിക്കുകയും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും.

 ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് ലേബലുകള്‍ വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിന്‍േറത് പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്‍േറത് ആകാശനീല നിറത്തിലുമായിരിക്കും. മൂന്നിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം. 
വോട്ട് ചെയ്യുന്നതില്‍ രഹസ്യ സ്വഭാവം ഓരോ വോട്ടറും കാത്തുസൂക്ഷിക്കണം. വോട്ടിങ് നടപടിക്രമത്തെക്കുറിച്ച് ഒരു വോട്ടര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍ പോളിങ് ഉദ്യോഗസ്ഥരുമായി അക്കാര്യം പങ്കുവെക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍, അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍ കമ്പാര്‍ട്ടുമെന്റില്‍നിന്ന് മാറിനില്‍ക്കണം. 

നഗരസഭകളില്‍ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാല്‍ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. ആറു മണിക്ക് വരിയില്‍ ഉള്ളവര്‍ക്ക് സ്ലിപ്പ് നല്‍കിയശേഷം അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. 


നോട്ട ഇല്ല; എന്‍ഡ് ബട്ടണ്‍ അമര്‍ത്താം

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട (NOTA) രേഖപ്പെടുത്താന്‍ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ 'എന്‍ഡ്' ബട്ടണ്‍ അമര്‍ത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള 'എന്‍ഡ് ബട്ടണ്‍' ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം 'എന്‍ഡ് ബട്ടണ്‍' അമര്‍ത്താനും അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു തലത്തിലേക്കാണോ വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാള്‍ ഒന്ന് കുറവായിരിക്കും. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലങ്ങള്‍ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല. 

വോട്ടര്‍ ഒരിക്കല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍, അയാള്‍ക്ക് പിന്നീട് ഒരു തലത്തിലേക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. എല്ലാ തലങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയും എന്‍ഡ് ബട്ടണ്‍ അമര്‍ത്താതെ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് വിടുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യുന്ന അറയില്‍ പ്രവേശിച്ച് എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കും.



Post a Comment

Previous Post Next Post