കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തീരത്ത് ജിപിഎസ് ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ച ഒരു ദേശാടന കടൽക്കാക്കയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇത് പ്രദേശവാസികളെയും സുരക്ഷാ ഏജൻസികളെയും ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച കാർവാറിലെ രബീന്ദ്രനാഥ ടാഗോർ ബീച്ചിൽ കോസ്റ്റൽ മറൈൻ പൊലീസ് സെൽ ആണ് കടൽക്കാക്കയെ കണ്ടെത്തിയത്. പരിക്കേറ്റ കടൽകാക്കയെ വനംവകുപ്പിന് കൈമാറുകയും പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.
കടൽക്കാക്കയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് ട്രാക്കറിൽ ചെറിയ സോളാർ പാനലുള്ള ഇലക്ട്രോണിക് യൂണിറ്റ് ഉണ്ടായിരുന്നു. ട്രാക്കറിൽ ഒരു ഇമെയിൽ വിലാസവും പക്ഷിയെ കണ്ടെത്തുന്നവർ നൽകിയ ഐഡിയിൽ ബന്ധപ്പെടണമെന്നും അഭ്യർഥിക്കുന്ന സന്ദേശവും ഉദ്യോഗസ്ഥർ കണ്ടെത്തി. ചൈനീസ് അക്കാദമി ഓഫ് സയൻസസുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസമാണിതെന്ന് പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
'ദേശാടന രീതികൾ പഠിക്കുന്നതിനുള്ള ഒരു ശാസ്ത്രീയ ഗവേഷണ പദ്ധതിയുടെ ഭാഗമായിരുന്ന പക്ഷിയാണോ ഇതെന്ന് ഉൾപ്പെടെ നിരവധി കോണുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.' ഉത്തര കാനന്ദ പൊലീസ് സൂപ്രണ്ട് ദീപൻ എംഎൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നിർണായകമായ നാവിക താവളങ്ങളിലൊന്നായ കാർവാറിന്റെ തന്ത്രപരമായ പ്രാധാന്യം കൊണ്ടാണ് ഈ സംഭവം ശ്രദ്ധ നേടുന്നത്.
Post a Comment