വരുന്നു കെഎസ്ആ‍ർടിസിയുടെ സ്വന്തം ക്രിക്കറ്റ് ടീം, സെലക്ഷന്‍ കഴിഞ്ഞുവെന്ന് മന്ത്രി ഗണേഷ് കുമാർ.

കെ എസ് ആര്‍ ടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷന്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും സെലക്ട് ചെയ്യുന്ന മാതൃകയില്‍ തികച്ചും പ്രഫഷണാലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വിദഗ്ദരുടെയും മുന്‍ താരങ്ങളുടെയും നേതൃത്വത്തിലായിരുന്നു ടീം സെലക്ഷനെന്നും കേരളത്തിലെ ഏറ്റവും മികച്ച പ്രഫഷണല്‍ ടീമുകളിലൊന്നാക്കി കെ എസ് ആര്‍ ടി സി ടീമിനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ആരുടെ ശുപാര്‍ശയും ഒന്നുമില്ല, കളി മികവിന്‍റെ അടിസ്ഥാനത്തില്‍ മാത്രം തെരഞ്ഞെടുത്ത ടീമാണിത്. വരും നാളുകളില്‍ കേരള ടീമിന്‍റെ കളി കാണാമെന്നും ദേശീയ തലത്തില്‍ വരെ കളിക്കാന്‍ നിലവാരമുള്ള ടീമിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ എസ് ആര്‍ ടി സിക്ക് മുമ്പ് വോളിബോള്‍, ഫുട്ബോള്‍ ടീമുകളുണ്ടായിരുന്നെങ്കിലും ആദ്യമായാണ് ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. ഫുട്ബോളില്‍ 1980കളില്‍ സംസ്ഥാനതലത്തില്‍ വരെ മത്സരിക്കാന്‍ പോന്ന ടീം കെ എസ് ആര്‍ ടി സിക്ക് ഉണ്ടായിരുന്നു. പക്ഷെ പിന്നീട് ടീം പിരിച്ചുവിട്ടു.

Post a Comment

Previous Post Next Post