തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം : ജില്ലയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കാന്‍ നിര്‍ദേശം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ഊര്‍ജിതമായ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. 

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നത് മുതല്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാ പ്രചാരണ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ പരിശീലന പരിപാടികള്‍ക്കും ഇത് ബാധകമാണ്. ഇക്കാര്യങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. 

ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ.ടി രാകേഷ്, എല്‍.എസ്.ജി.ഡി അസി. ഡയറക്ടര്‍ പി നാരായണന്‍, മാലിന്യമുക്തം ക്യാമ്പയിന്‍ കോ കോഓഡിനേറ്റര്‍ മണലില്‍ മോഹനന്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, കുടുംബശ്രീ, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി ഉദ്യോഗസ്ഥര്‍, സൈന്‍ പ്രിന്റിങ് അസോസിയേഷന്‍ ഭാരവാഹികള്‍, ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post