ചായ കുടിക്കാൻ കയറിയ യുവതി വാഷ് റൂമിൽ പോയ തക്കം നോക്കി ടേബിളിൽ വച്ച ഐഫോൺ അടിച്ചുമാറ്റി; സിസിടിവിയിൽ പതിഞ്ഞു.

ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയ യുവതിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു. കോഴിക്കോട് മാങ്കാവിലെ ബേക്കറിയിലാണ് മോഷണം നടന്നത്. യുവതി ഇരുന്ന സീറ്റിന് സമീപത്തുണ്ടായിരുന്നയാള്‍ സമര്‍ത്ഥമായി ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യം സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 മാങ്കാവ് കൈമ്പാലം സ്വദേശി സന്ധ്യയാണ് മോഷണത്തിനിരയായത്. ബന്ധുവിനൊപ്പം മാങ്കാവ് ടൗണിലെ ഗ്രാന്റ് ബേക്കറിയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചായ കുടിച്ച ശേഷം ഫോണ്‍ ടേബിളില്‍ വച്ച് വാഷ് റൂമിലേക്ക് പോയി. ഇതെല്ലാം സസൂഷ്മം നീരീക്ഷിച്ച, സമീപത്തെ ടേബിളില്‍ ഇരുന്ന യുവാവ് ആരും കാണാതെ ഫോണ്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.

തിരികെയെത്തി ഫോണ്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സന്ധ്യ ബേക്കറി ജീവനക്കാരോട് കാര്യം പറയുകയും ഇവര്‍ സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോള്‍ മോഷണം നടന്നത് കണ്ടെത്തുകയും ചെയതു. യുവതിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ തുടക്കത്തില്‍ ഇയാള്‍ കോള്‍ എടുക്കുകയും പണം നല്‍കിയാല്‍ തിരികേ തരാമെന്ന് പറയുകയും ചെയ്‌തെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post