അന്ന് സ്കൂളിലെത്തി വൈറലായി; ഇന്ന് നൊമ്പരക്കാഴ്ച; വയനാട് ചേകാടി സ്‌കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു.

വയനാട്ടിലെ ചേകാടിയിലെ സ്‌കൂളിലെത്തി വൈറലായ കുട്ടിയാന ചരിഞ്ഞു. സ്കൂളിൽ പഠനം നടന്നുകൊണ്ടിരിക്കെ മുറ്റത്തും വരാന്തയിലും ക്ലാസ് മുറികളിലുമെത്തിയ ആനക്കുട്ടി അന്ന് കൗതുമായിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനായിരുന്നു കുഞ്ഞന്‍ ആന സ്‌കൂളിലെത്തിയത്. ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി വെട്ടത്തൂര്‍ വനമേഖലയിലേക്ക് മാറ്റിയെങ്കിലും കാട്ടാനകള്‍ ആനക്കൂട്ടിയെ ഒപ്പം ചേര്‍ക്കാന്‍ തയാറായിരുന്നില്ല.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍ക്കാട്ടിലാക്കിയ ആനക്കുട്ടി പിന്നീട് കബനിപ്പുഴ മുറിച്ചു കടന്ന് നേരെ കര്‍ണാടകയുടെ ബൈരക്കുപ്പ പഞ്ചായത്ത് പരിധിയിലെ വനപ്രദേശങ്ങളിലേക്ക് എത്തി. ഇവിടെ കടഗദ്ദ എന്ന പ്രദേശത്ത് നിന്ന് പരിക്കേറ്റ നിലയില്‍ ആനക്കുട്ടിയെ പ്രദേശവാസികള്‍ കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. തുടര്‍ന്ന് നാഗര്‍ഹോള ടൈഗര്‍ റിസർവിനകത്ത് സ്ഥിതി ചെയ്യുന്ന ആനപരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ കൊണ്ടുപോകുകയായിരുന്നു. അണുബാധയെ തുടർന്നുള്ള അവശതക്ക് പിന്നാലെയാണ് ചരിഞ്ഞത്.

പരിക്കേറ്റതിനാലും കുഞ്ഞായതിനും കട്ടിയുള്ള ആഹാരങ്ങളൊന്നും നല്‍കാന്‍ കഴിയുമായിരുന്നില്ല. ഒരുമാസമായി ആട്ടിന്‍പാലും മറ്റും നല്‍കി പരിചരിക്കുന്നതിനിടെയാണ് ജീവൻ നഷ്ടമായത്. ചില രോഗങ്ങള്‍ ആനക്കുട്ടിക്കുണ്ടായിരുന്നതായും അതാണ് ഉള്‍ക്കാട്ടിലേക്ക് ആനക്കൂട്ടം കുട്ടിയാനയെ ഒപ്പംകൂട്ടാന്‍ തയ്യാറാകാതിരുന്നതെന്നാണ് അധികൃതർ പറയുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ കര്‍ണാടക വനത്തിനകത്തെ പരിപാലന കേന്ദ്രത്തില്‍ കുട്ടിയാന ചരിഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ്  വിവരം പുറത്തെത്തുന്നത്.

Post a Comment

Previous Post Next Post