വയനാട് ഡിസിസി അധ്യക്ഷനായി ടി.ജെ ഐസക്കിനെ നിയമിച്ചു. എൻ.ഡി അപ്പച്ചൻ രാജിവെച്ചതോടെയാണ് ടി.ജെ ഐസകിനെ നിയമിച്ചത്. എൻ.ഡി അപ്പച്ചനെ എഐസിസി അംഗമാക്കി. വയനാട്ടിൽ വലിയ സംഘടനാ പ്രശ്നങ്ങളില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിർത്തി മുന്നോട്ട് പോകുമെന്നും ടി.ജെ ഐസക് പറഞ്ഞു.
കോൺഗ്രസ് ഗ്രൂപ്പ് പ്രശ്‌നങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് എൻ.ഡി അപ്പച്ചൻ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത്. മുൻ ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയെത്തുടർന്നാണ് വയനാട്ടിലെ ഗ്രൂപ്പ് പ്രശ്‌നങ്ങൾ മറനീക്കി പുറത്തുവരുന്നത്.
വിജയന്റെ ആത്മഹത്യക്കുറിപ്പിൽ എൻ.ഡി അപ്പച്ചൻ ഉൾപ്പടെയുള്ള നേതാക്കളുടെ പേര് കൂടി ഉൾപ്പെട്ടത് പാർട്ടിക്കകത്ത് തന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും കുടുംബത്തിന്റെ ബാധ്യത ഉൾപ്പടെ പൂർണമായും പൂർത്തീകരിക്കുമെന്ന കെപിസിസി നേതൃത്വത്തിന്റെ ഉറപ്പിന് പിന്നാലെയാണ് അപ്പച്ചന്റെ രാജി.
Post a Comment