വിജിലിനെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്ന് സുഹൃത്തുക്കൾ, കിട്ടിയ ഷൂ തിരിച്ചറിഞ്ഞ് പ്രതികൾ, തെരച്ചിൽ നാളെയും തുടരും.

കോഴിക്കോട് വിജില്‍ തിരോധാനക്കേസില്‍ അയാളുടേതെന്ന് കരുതുന്ന ഷൂ സരോവരത്തെ ചതുപ്പിലെ തെരച്ചിലില്‍ കണ്ടെത്തി. ഷൂ വിജിലിന്റേതാണെന്ന് പ്രതികള്‍ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും. ലഹരി ഉപയോഗിക്കുന്നതിടെ മരിച്ച വിജിലിന്റെ മൃതദേഹം സരോവരം ബയോപാര്‍ക്കിലിലെ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി.

ആറു വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് ചുങ്കം സ്വദേശി കെടി വിജിലിന്റെ ശരീരാവശിഷ്ടത്തിന് വേണ്ടിയുള്ള അഞ്ചാം ദിവസത്തെ തെരച്ചിലിലാണ് ഇയാളുടേതെന്ന് കരുതുന്ന ഷൂ കണ്ടെത്തിയത്. ഇടത്തേ കാലില്‍ ധരിക്കുന്ന ഷൂ ആണ് ആറു മീറ്ററോളം താഴ്ചയില്‍ നിന്നും ലഭിച്ചത്. ഇത് വിജിലിന്റെ ഷൂ ആണെന്നാണ് പ്രതികളായ നിഖില്‍, ദീപേഷ് എന്നിവരുടെ മൊഴി.

പൊലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്ന ഈ രണ്ടു പേരുടെയും സാന്നിധ്യത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഷൂ ശാസ്ത്രീയ പരിശോധനകള്‍ക്കായി അയച്ചു. വിജിലിനെ ചവിട്ടിത്താഴ്ത്തി എന്ന് പ്രതികള്‍ കുറ്റസമ്മതമൊഴിയില്‍ പറഞ്ഞ സ്ഥലത്തിന് സമീപത്താണ് ഷൂ കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തിന്റെ മറ്റ് അവശിഷ്ടങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

മണ്ണുമാന്തി യന്ത്രങ്ങളും മറ്റും എത്തിച്ചായിരുന്നു ഇന്നത്തെ തെരച്ചിൽ. പരിശോധനക്കായി ലാൻഡ് പെനറ്ററേറ്റിംഗ് റഡാറും മൃതദേഹം കണ്ട് പിടിക്കാൻ പരിശീലനം ലഭിച്ച കഡാവർ നായകളേയും ഉപയോഗിക്കുന്നുണ്ട്. 2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സരോവരത്തെ ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയെന്നായിരുന്നു പ്രതികളുടെ കുറ്റസമ്മതമൊഴി. 

വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ആണ് കേസിലെ പ്രതികൾ. രണ്ടാം പ്രതിയായ രഞ്ജിത്തിനെ ഇതുവരേയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നിഖിലിന്റെയും ദീപേഷിന്റേയും കസ്റ്റഡി കാലാവധി മറ്റന്നാള്‍ അവസാനിക്കും. വിജിലിന്റെ ബൈക്ക് നേരത്തെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post