മിൽമ പാലിന് വില വർധിപ്പിക്കില്ല.

മിൽമ പാലിന് വില തൽക്കാലം കൂട്ടില്ല. ജി.എസ്.ടി കുറക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷം ചെയർമാൻ കെ.എസ് മണി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മിൽമ. എന്നാൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പാൽ വില കൂട്ടുന്നതിനെ കുറിച്ച് ആലോചിക്കും. 

അതിനിടെ പാൽ വില കൂട്ടുന്നതിനെ ചൊല്ലി മിൽമ ബോർഡ് യോഗത്തിൽ തർക്കമുണ്ടായി. പാൽ വില വർധിപ്പിക്കണമെന്ന് എറണാകുളം മേഖല ആവശ്യപ്പെട്ടു. ഇതിന് കഴിയില്ലെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എറണാകുളം മേഖല പ്രതിനിധി ഇറങ്ങിപ്പോയി. റിപ്പോര്‍ട്ട് പഠിച്ചു നടപ്പാക്കാമെന്നു പറയുന്നതല്ലാതെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും എറണാകുളം മേഖലാ പ്രതിനിധികള്‍ ആരോപിച്ചു. ലിറ്ററിന് അഞ്ചുരൂപ വരെ മിൽമ പാലിന് വില കൂട്ടണമെന്നായിരുന്നു എറണാകുളം പ്രതിനിധികളുടെ ആവശ്യം.   

Post a Comment

Previous Post Next Post