സമ്പൂർണ വിവരങ്ങളില്ലാത്ത വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് പകരം വിവാഹത്തീയതികൂടി രേഖപ്പെടുത്തിയ പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശസ്ഥാപനത്തിന് ഹൈകോടതിയുടെ നിർദേശം. ഓൺലൈൻ സോഫ്ട്വെയറിൽനിന്ന് വിവാഹത്തീയതി രേഖപ്പെടുത്താതെ മാത്രമേ സർട്ടിഫിക്കറ്റ് ലഭ്യമാകൂവെന്ന അധികൃതരുടെ വാദം തള്ളിയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ ഉത്തരവ്. ഇതിനായി ഉപയോഗിക്കുന്ന ഓൺലൈൻ സംവിധാനമായ പേൾ (പി.ഇ.എ.ആർ.എൽ) സോഫ്ട്വെയറിലെ അപാകത പരിഹരിക്കാൻ ധനകാര്യ സെക്രട്ടറിക്കും രജിസ്ട്രേഷൻ ഐ.ജിക്കും നിർദേശവും നൽകി.
വിദേശത്ത് ജോലിചെയ്യുന്ന ഹരജിക്കാരായ ദമ്പതികൾ ഹിന്ദു ആചാരപ്രകാരം 2022 ജൂലൈ പത്തിനാണ് വിവാഹിതരായത്. എന്നാൽ, തൃക്കാക്കര നഗരസഭയിലെ രജിസ്ട്രാർ നൽകിയ സർട്ടിഫിക്കറ്റിൽ വിവാഹത്തീയതി രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ആചാരപരമായി വിവാഹിതരായ മറ്റു ചിലർക്ക് നൽകിയ തീയതി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പടക്കമാണ് ഹരജി നൽകിയത്. നിലവിലെ നിയമത്തിന് അനുസൃതമായാണ് പേൾ സോഫ്ട്വെയർ രൂപകൽപന ചെയ്തിട്ടുള്ളതെന്നും സ്വമേധയാ സോഫ്ട്വെയർ ലഭ്യമാക്കുന്ന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്താനോ ആചാരപരമായി നടന്ന വിവാഹത്തിന്റെ തീയതി ചേർക്കാനോ സാധ്യമാവില്ലെന്നുമായിരുന്നു അധികൃതരുടെ വാദം.
ഓൺലൈൻ സേവനം നടപ്പാക്കുന്നതിനുമുമ്പ് വിവാഹത്തീയതി എഴുതിച്ചേർത്ത് നൽകിയ സർട്ടിഫിക്കറ്റുകളാണ് ഹരജിക്കാർ ഹാജരാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കി. ഹരജിക്കാർ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ, വിവാഹം നടന്ന തീയതിയടങ്ങുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ കാര്യമുള്ളൂവെന്ന് കോടതി വിലയിരുത്തി.
Post a Comment