ആഗോള അയ്യപ്പസംഗമം തടയണമെന്ന ഹരജികൾ സുപ്രിംകോടതി തള്ളി. ഹൈക്കോടതി നിർദേശിച്ച ഉപാധികൾ പാലിക്കമെന്ന് കോടതി നിർദേശിച്ചു. ശനിയാഴ്ചത്തെ അയ്യപ്പ സംഗമത്തിനുള്ള അവസാന തടസവും ഇതോടെ ഒഴിവായി. കോടതി വിധി ദേവസ്വംമന്ത്രി വി.എൻ. വാസവനും ദേവസ്വം ബോർഡും സ്വാഗതം ചെയ്തു. പമ്പതീരത്ത് നടത്തുന്ന അയപ്പ സംഗമം, വനനിയമങ്ങൾ ലംഘിക്കുന്നതിനാൽ തടയണമെന്നായിരുന്നു മൂന്ന് ഹരജിക്കാരും സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ എല്ലാവശങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഉപാധികളോടെ അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി.
അതേസമയം, നിർദേശങ്ങളുടെ ലംഘനം ഉണ്ടായാൽ ഹരജിക്കാർക്ക് ഹൈകോടതിയെ വീണ്ടും സമീപിക്കാം. സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും വലിയ ആശ്വാസം നൽകുന്നതാണ് നിലവിലെ വിധി. സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും രാഷ്ട്രീയമായി കാണുന്നവർക്ക് മാത്രമേ വിവാദവും പ്രതിഷേധവും ഉണ്ടാക്കേണ്ട കാര്യമുള്ളൂവെന്നും മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു.
അയ്യപ്പസംഗമത്തിനായി എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും മന്ത്രി പറഞ്ഞു. കുടുംബത്തിൽ മരണം സംഭവിച്ചതിനാൽ പന്തളം കൊട്ടാരം സംഗമത്തിൽ പങ്കെടുക്കില്ല. അയ്യപ്പ സംഗമത്തിന് അധിക ദിവസം ഇല്ലാത്തതു കൂടി സൂചിപ്പിച്ചാണ് കോടതി ഹരജികൾ തള്ളിയത്. ജസ്റ്റിസ് പി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
Post a Comment