'റെയിൽ നീർ' എന്ന പേരിൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിൽക്കുന്ന കുപ്പിവെള്ളത്തിൻ്റെ വിലകുറച്ച് റെയിൽവേ. ഈയടുത്ത് നിലവിൽവന്ന ജിഎസ്‌ടി പരിഷ്കരണത്തിൻ്റെ മെച്ചം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
സെപ്റ്റംബർ 22-ാം തീയതി മുതൽ വിലക്കുറവ് നിലവിൽ വരും. ഇതോടെ ഒരു ലിറ്ററിന്റെ റെയിൽ നീർ കുപ്പിവെള്ളത്തിന് 14 രൂപയാകും വില. മുൻപ് ഇത് 15 രൂപയായിരുന്നു. അര ലിറ്റർ റെയിൽ നീരിൻ്റെ വില 10 രൂപയിൽനിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം ഔദ്യോഗിക എക്‌സ് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
റെയിൽ നീരിന് മാത്രമല്ല വിലക്കുറവുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിൽക്കുന്ന, ഐആർസിടിസിയുടെയോ റെയിൽവേയുടെയോ പട്ടികയിലുള്ള മറ്റു ബ്രാൻഡുകളുടെ കുപ്പിവെള്ളത്തിനും ഈ വില വ്യത്യാസം ബാധകമാണ്. അവയ്ക്കും ഒരു ലിറ്ററിന് ഇനി മുതൽ 14 രൂപയും അഞ്ഞൂറ് മില്ലിയുടേതിന് 9 രൂപയുമായിരിക്കും വില.
Post a Comment