കർണാടകയിൽ യുവതിയുടെ ശരീരഭാഗങ്ങൾ നഗരത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. തുമകൂരുവിനടുത്തുള്ള കൊരട്ടഗരെയിൽ നിന്നുള്ള 42 കാരിയായ ലക്ഷ്മി ദേവിയാണ് മരണപ്പെട്ടത്. ലക്ഷ്മി ദേവിയുടെ മരുമകനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ചയാണ് കൊളാല ഗ്രാമത്തിലെ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. 19 കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം. കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിൽ തുംകുരു നിവാസിയും ലക്ഷ്മി ദേവിയുടെ മരുമകനുമായ ഡോ. രാമചന്ദ്രപ്പ എസ്, കൂട്ടാളികളായ സതീഷ് കെ.എൻ, കിരൺ കെ.എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലക്ഷ്മി ദേവിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയതായി ചോദ്യം ചെയ്യലിൽ മൂവരും സമ്മതിച്ചു. തെളിവ് നശിപ്പിക്കാനാണ് ശരീരഭാഗങ്ങൾ ഒന്നിലധികം പ്ലാസ്റ്റിക് ബാഗുകളിലാക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചത്. ആഗസ്റ്റ് ഏഴിന് വഴിയാത്രക്കാർ മനുഷ്യാവശിഷ്ടങ്ങൾ അടങ്ങിയ ഏഴ് പ്ലാസ്റ്റിക് കവറുകൾ നായ വലിച്ചിഴക്കുന്നത് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഏഴ് ബാഗുകൾ കൂടി കണ്ടെടുത്തു. ഈ ബാഗുകളിൽ നിന്ന് ലക്ഷ്മിയുടെ തല കണ്ടെത്തി. ഒരു ദിവസത്തെ തിരച്ചിലിന് ശേഷമാണ് തല കണ്ടെത്താനായത്. നഗരത്തിന്‍റെ പത്ത് വ്യത്യസ്ത സ്ഥലങ്ങളിൽനിന്നാണ് ആന്തരിക അവയവങ്ങൾ ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.
Post a Comment