ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പാലിയേക്കരയിൽ ടോൾ പിരിവ് നീളും. ടോൾ തടഞ്ഞ നടപടി സെപ്റ്റംബർ 9 വരെ തുടരും. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിർമാണം മന്ദഗതിയിലാണെന്നും സർവീസ് റോഡുകൾ പൂർണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോർട്ട് നൽകി.
ഗതാഗതക്കുരുക്ക് പൂർണ്ണമായി നീങ്ങുന്ന സാഹചര്യത്തിൽ നിലവിലെ ഉത്തരവ് മാറ്റാൻ കക്ഷികൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. തുടർന്നാണ് ദേശീയപാത അതോറിറ്റി ഹൈക്കോടതിയെ സമീപിച്ചത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതം പഴപ്പടിയാകുന്നത് വരെ ടോൾ പിരിവ് നിർത്തിവെക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടും നീട്ടാനാകും എന്നതാണ് സുപ്രീംകോടതി വിധി സൂചിപ്പിക്കുന്നത്.
പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ സുപ്രീംകോടതി തള്ളിയിരുന്നു. പൗരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു.
കടുത്ത വിമർശനം ഉയർത്തിയാണ് പാലിയേക്കര ടോൾ പ്ലാസ കേസിൽ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീൽ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ചീഫ് ജസ്റ്റിസ് ബിആർഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മേൽനോട്ടത്തിൽ ഗതാഗതം സുഗമാമാക്കാനുള്ള നടപടികൾ തുടരണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
Post a Comment