ഗൂഗിള്‍ മീറ്റിനും സൂമിനും വെല്ലുവിളി! കോളുകള്‍ ഷെഡ്യൂള്‍ ചെയ്യാനുള്ള ഓപ്ഷന്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്, എങ്ങനെ സെറ്റ് ചെയ്യാം?

ഗൂഗിള്‍ മീറ്റും സൂമും പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ മീറ്റിംഗുകളും കോളുകളും ഷെഡ്യൂള്‍ ചെയ്യുന്നതും ജോയിന്‍ ചെയ്യുന്നതും നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. ഈ ഫീച്ചര്‍ ഇന്‍സ്റ്റന്‍റ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിലും വന്നുകഴിഞ്ഞു. വാട്‌സ്ആപ്പില്‍ ഇനി മുതല്‍ കോളുകളോ മീറ്റിംഗുകളോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാം. എങ്ങനെയാണ് വാട്‌സ്ആപ്പ് കോളുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നതെന്നും ഈ ഫീച്ചറിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെയെന്നും വിശദമായി അറിയാം.

വാട്‌സ്ആപ്പില്‍ കോളുകള്‍ ഷെഡ്യൂള്‍ ചെയ്യുന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഷെഡ്യൂള്‍ കോള്‍സ് എന്നാണ് ഈ ഫീച്ചറിന്‍റെ പേര്. ഈ സൗകര്യം വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ലഭ്യമാകും. വാട്‌സ്ആപ്പിലെ 'കോള്‍സ് ടാബ്' തുറന്നാലാണ് ഷെഡ്യൂള്‍ ഫീച്ചര്‍ കാണുക. കോള്‍സ് ടാബില്‍ പ്രവേശിച്ച് പ്ലസ് (+) ഐക്കണ്‍ ക്ലിക്ക് ചെയ്‌താല്‍ തുറന്നുവരുന്ന ലിസ്റ്റില്‍ ‘ഷെഡ്യൂള്‍ കോള്‍’ എന്ന ഓപ്ഷന്‍ ഏറ്റവും താഴെയായി കാണാം. 

അതില്‍ ടാപ്‌ ചെയ്‌ത്, കോള്‍ ഷെഡ്യൂള്‍ ചെയ്യേണ്ട തീയതിയും സമയവും സെറ്റ് ചെയ്യാം. ഷെഡ്യൂള്‍ ചെയ്യുന്ന കോള്‍ വീഡിയോ കോളാണോ വോയിസ് കോളാണോ എന്ന് തിര‌ഞ്ഞെടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. കോളില്‍ പങ്കുചേരേണ്ടവര്‍ക്ക് ലിങ്ക് അയച്ച് കൊടുക്കാനുള്ള ഓപ്ഷനും കാണാം. ഇത്തരത്തില്‍ വാട്‌സ്ആപ്പ് കോള്‍ ഷെഡ്യൂള്‍ ചെയ്‌താല്‍, പങ്കെടുക്കുന്നവര്‍ക്ക് കോള്‍ ആരംഭിക്കും മുമ്പ് നോട്ടിഫിക്കേഷന്‍ ലഭിക്കും.

സൂം അടക്കമുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലുള്ളതിന് ഏതാണ്ട് സമാനമായ ഫീച്ചറാണിത്. വ്യക്തിഗതമായ സംഭാഷണങ്ങള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ഈ വാട്‌സ്ആപ്പ് കോള്‍ ഷെഡ്യൂള്‍ സൗകര്യം ഉപയോഗിക്കാനാകും. ഒരു ഗ്രൂപ്പ് കോള്‍ ആരംഭിക്കും മുമ്പ്, അതില്‍ പങ്കെടുക്കുന്ന ഓരോരുത്തരെയും വിളിച്ചോ മെസേജ് അയച്ചോ പ്രത്യേകമായി ക്ഷണിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും പോലുള്ള ആയാസം ഒഴിവാക്കാന്‍ വാട്‌സ്ആപ്പിലെ പുത്തന്‍ ഫീച്ചറിനാകും. ഷെഡ്യൂള്‍ ചെയ്യുന്ന കോളുകള്‍ ഗൂഗിള്‍ കലണ്ടറുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും വാട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post