കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്തവർ ഏതെങ്കിലും ഗ്രൂപ്പിൽ ചേർക്കുന്നതു വഴി സംഭവിക്കാവുന്ന ഡിജിറ്റൽ തട്ടിപ്പുകൾ തടയാൻ വാട്സ്ആപ്പ് പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചു. സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയുന്നതിനായുള്ള ‘സേഫ്റ്റി ഓവര്‍വ്യൂ’ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപയോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര്‍ വ്യൂ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുക.
ഗ്രൂപ്പ് ഇന്‍വിറ്റേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ വാട്സ്ആപ്പ് ലക്ഷ്യമിടുന്നത്. കോണ്‍ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ പുതിയ ഫീച്ചര്‍ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും. ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ നിർദേശങ്ങളും കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
ഇന്ത്യയില്‍ ഈ ആഴ്ച പുതിയ ഫീച്ചര്‍ എത്തും. മെസേജിങ് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ് വാട്‌സ്ആപ്പ്.
Post a Comment