കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പുകൾ

ഐടിഐ പ്രവേശനം: കൗണ്‍സിലിങ് ഇന്ന്

മാളിക്കടവ് ഐടിഐയില്‍ പ്രവേശനത്തിനുള്ള കൗണ്‍സിലിങ് ഇന്ന് (ഓഗസ്റ്റ് 12) നടക്കും. 190ല്‍ കൂടുതല്‍ ഇന്‍ഡക്സ് മാര്‍ക്ക് ലഭിച്ചവര്‍ രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. രാവിലെ ഒമ്പത് മുതല്‍ പത്ത് വരെയാണ് രജിസ്‌ട്രേഷന്‍. ഫോണ്‍: 0495 2377016. 

പ്രയുക്തി തൊഴില്‍മേള 16ന്

ഇന്റര്‍ ലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേര്‍ന്ന് പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ ഓഗസ്റ്റ് 16ന് രാവിലെ പത്ത് മുതല്‍ 'പ്രയുക്തി-2025' എന്ന പേരില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സെയില്‍സ്, മാര്‍ക്കറ്റിങ്, ഐടി, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികളിലെ ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാന്‍ 0495 2370176 (എംപ്ലോബിലിറ്റി സെന്റര്‍, കോഴിക്കോട്), 0496 2615500 (കരിയര്‍ ഡെവലപ്മെന്റ് സെന്റര്‍, പേരാമ്പ്ര) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. സ്പോട്ട് അഡ്മിഷനും ഉണ്ടാകും.

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ഒഴിവുള്ള വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ പരമാവധി 90 ദിവസത്തേക്ക് നിയമനം നടത്തും. അപേക്ഷകര്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 14ന് രാവിലെ 11ന് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.

ഐടിഐയില്‍ സീറ്റൊഴിവ്

നരിപ്പറ്റ ഗവ. ഐടിഐയില്‍ ഫിറ്റര്‍, എംആര്‍എസി ട്രേഡുകളില്‍ എസ്‌സി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓഫ്ലൈനായി  അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫീസ് 100 രൂപ. അവസാന തീയതി ഓഗസ്റ്റ് 12ന് ഉച്ച രണ്ട് മണി. ഫോണ്‍: 7510339017, 7907555177.


ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ഓഗസ്റ്റ് 20ന് കോഴിക്കോട് ഉപകേന്ദ്രത്തില്‍ ആരംഭിക്കും. യോഗ്യത: പ്ലസ് ടു/വിഎച്ച്എസ്‌സി/പ്രീഡിഗ്രി. എസ്‌സി/എസ്ടി/ഒഇസി/മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. ഒബിസി/എസ്ഇബിസി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യവും സ്‌റ്റൈപ്പന്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 20നകം അസ്സല്‍ സര്‍ട്ടിഫിക്കുകളും പകര്‍പ്പും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് ട്രെയിനിങ് ഡിവിഷനില്‍ എത്തണം. ഫോണ്‍: 0495 2723666, 2356591, 9496882366. 


അപ്രന്റീസ്ഷിപ്പ് മേള ഇന്ന്

എലത്തൂര്‍ ഗവ. എസ്.സി.ഡി.ഡി ഐടിഐയില്‍ അപ്രന്റീസ്ഷിപ്പ് മേള ഇന്ന് (ഓഗസ്റ്റ് 12) നടക്കും. ജില്ലയിലെ മോട്ടോര്‍ വാഹന വിപണന-സേവന രംഗത്തുള്ള പത്തോളം സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ഐടിഐ പരിശീലനം പൂര്‍ത്തിയാക്കിയ നൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് അപ്രന്റീസ്ഷിപ്പ് നിയമനത്തിനുള്ള അഭിമുഖവും നടക്കും. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ നാഷണല്‍ അപ്രന്റീസ്ഷിപ്പ് പ്രമോഷന്‍ സ്‌കീമിന് കീഴില്‍ വ്യാവസായിക പശ്ചാത്തലത്തിലുള്ള അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ട്രേഡ് സര്‍ട്ടിഫിക്കറ്റിന് പുറമെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും (എന്‍എസി) ലഭിക്കും.


ഗ്രീന്‍ഫീല്‍ഡ് ഹൈവേ: പുനരധിവാസ ധനസഹായം

ഗ്രീന്‍ഫീല്‍ഡ് ഹൈവേ (എന്‍എച്ച്- 966) നിര്‍മാണാവശ്യത്തിന് ഭൂമി ഏറ്റെടുത്തതിനാല്‍ താമസകെട്ടിടങ്ങളും വാണിജ്യ സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസ ധനസഹായം ലഭിക്കാന്‍ തെളിവായി ഹാജരാക്കേണ്ട രേഖകള്‍ ഓഗസ്റ്റ് 23ന് എല്‍.എ എന്‍.എച്ച് സ്പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നേരിട്ടെത്തിക്കണം. 
നിശ്ചിത ഫോമിലുള്ള അപേക്ഷ, നോട്ടിഫിക്കേഷന്‍ കാലയളവില്‍ (2022 ഏപ്രില്‍ ആറ്) പ്രസ്തുത കെട്ടിടത്തില്‍ (ഡോര്‍ നമ്പറില്‍) വ്യാപാരം നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നല്‍കിയ ലൈസന്‍സ്, വാടക കെട്ടിടമാണെങ്കില്‍ വാടക എഗ്രിമെന്റിന്റെ പകര്‍പ്പും മാസ വാടക നല്‍കുന്നതിന്റെ രശീതിയും, വ്യാപാരം സ്വന്തം കെട്ടിടത്തിലാണെങ്കില്‍ ഭൂമി/കെട്ടിടം അക്വയര്‍ ചെയ്ത രേഖയുടെ പകര്‍പ്പ്/കെട്ടിട നികുതി രശീതിയുടെ പകര്‍പ്പ്, നോട്ടിഫിക്കേഷന്‍ കാലയളവില്‍ വ്യാപാരം/വ്യവസായം നടത്തുന്നതിന് ലഭിച്ച മറ്റു രേഖകള്‍ ഉണ്ടെങ്കില്‍ അവ, താമസ കെട്ടിടമാണെങ്കില്‍ അവിടെ താമസിച്ചത് തെളിയിക്കാന്‍ നോട്ടിഫിക്കേഷന്‍ കാലയളവിലുള്ള അപേക്ഷകന്റെ പേരുള്ള റേഷന്‍ കാര്‍ഡ്, സ്വന്തം കെട്ടിടമാണെങ്കില്‍ സ്ഥലം അക്വയര്‍ ചെയ്ത രേഖയുടെ പകര്‍പ്പ്/ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്/കെട്ടിട നികുതി രശീതി, വാടകക്ക് താമസിക്കുന്ന കെട്ടിടമാണെങ്കില്‍ നോട്ടിഫിക്കേഷന്‍ കാലയളവില്‍ ലഭിച്ച റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്/വാടക എഗ്രിമെന്റ്/കെട്ടിട നികുതി രശീതി/ഓണര്‍ഷിപ്പ്, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നീ രേഖകള്‍ ഹാജരാക്കണം.


സ്പോട്ട് അഡ്മിഷന്‍  

കോഴിക്കോട് ഗവ. വുമണ്‍ പോളിടെക്നിക്കില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സില്‍ (എഫ്.ഡി.ജി.ടി) ഒഴിവുള്ള സീറ്റിലേക്ക് നാളെ (ആഗസ്റ്റ് 13) സ്പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും (ഓണ്‍ലൈനായി അടക്കണം) സഹിതം രാവിലെ പത്തിനകം കോളേജില്‍ എത്തണം. ഫോണ്‍: 0495 2370714.

റസ്‌ക്യൂ ഓഫീസര്‍ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം-റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമനം നടത്തും. യോഗ്യത: എംഎസ്ഡബ്ല്യൂ. പ്രായപരിധി: 40 വയസ്സ്. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാംനില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്, 673020 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2378920.

ട്രേഡ് ഇന്‍സ്ട്രക്ടര്‍

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക് കോളേജ് സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എഞ്ചിനീയറിങ്, ഐടിഐ/കെജിസിഇ (സര്‍വേ). അപേക്ഷകര്‍ ഓഗസ്റ്റ് 13ന് രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2383924.

റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പിലെ വര്‍ക്ക് സൂപ്രണ്ട് (മണ്ണ് സംരക്ഷണം) എന്‍സിഎ ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍: 643/2017) തസ്തികയുടെ റാങ്ക് പട്ടികയില്‍നിന്ന് നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃറാങ്ക് പട്ടികയുടെ കാലയളവിലുണ്ടായ ഹിന്ദു നാടാര്‍ ഊഴം നിയമന ശിപാര്‍ശ നല്‍കി നികത്തപ്പെട്ടതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post