ഏറെക്കാലമായി കാത്തിരുന്ന അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് അന്തിമാനുമതി ലഭിച്ചു. ഡിസംബർ 12-ന് കൊൽക്കത്തയിലാണ് മെസ്സി തന്റെ ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിക്കുന്നതെന്ന് പരിപാടിയുടെ പ്രോമോട്ടറായ ശതദ്രു ദത്ത പറഞ്ഞു. മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന് 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025' എന്നാണ് പേരിട്ടിരിക്കുന്നത്. കൊൽക്കത്ത സന്ദർശനത്തിന് ശേഷം അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും മെസ്സിയെത്തും. ഡിസംബർ 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിന്റെ വസതിയിലുള്ള കൂടിക്കാഴ്‌ചയും ഉണ്ടാവും.
2011-ന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. 2011-ൽ വെനസ്വേലയ്ക്കെതിരെ കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഫിഫ സൗഹൃദ മത്സരം കളിക്കാൻ അർജൻറീന ദേശീയ ടീമിനൊപ്പമാണ് ഇതിഹാസ താരം എത്തിയിരുന്നത്. മെസ്സിക്കൊപ്പമുള്ള സംഘത്തിൽ ഇന്റർ മയാമി സഹതാരങ്ങളായ റോഡ്രിഗോ ഡി പോൾ, ലൂയി സുവാരസ്, ജോർഡി ആൽബ, സെർജിയോ ബുസ്കെറ്റ്സ് തുടങ്ങിയവരും ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ഇവരുടെ സന്ദർശനം സംബന്ധിച്ച് സംഘാടകർ ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഡിസംബർ 12-ന് രാത്രി മെസ്സി കൊൽക്കത്തയിൽ വിമാനമിറങ്ങും. ഇവിടെ രണ്ട് പകലും ഒരു രാത്രിയും അദ്ദേഹം ചെലവഴിക്കും. ഡിസംബർ 13-ലെ അദ്ദേഹത്തിന്റെ പരിപാടികൾ രാവിലെ ഒരു മീറ്റ് ആൻഡ് ഗ്രീറ്റോടെ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
'മെസ്സി അർജന്റീനിയൻ ഹെർബൽ ടീയുടെ ഒരു ആരാധകനാണ്, അതിനാൽ ഞാൻ അർജന്റീനിയൻ ചായയും ഇന്ത്യൻ അസം ചായയും സംയോജിപ്പിച്ചുള്ള ഒരു ഫ്യൂഷൻ ഒരുക്കുന്നുണ്ട്. ഡിസംബർ 13-ന് രാവിലെ അദ്ദേഹത്തിന്റെ്റെ ഹോട്ടലിൽ (താജ് ബംഗാൾ) നടക്കുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയോടനുബന്ധിച്ച് ഇതൊരു പ്രത്യേക അനുഭവമാക്കി മാറ്റും. ഹിൽസ ഉൾപ്പെടെയുള്ള എല്ലാ ബംഗാളി മത്സ്യങ്ങളും മധുരപലഹാരങ്ങളും ഭക്ഷണോത്സവത്തിനായി വിഭവങ്ങളിൽ ഉണ്ടാകും. ദത്ത വെളിപ്പെടുത്തി.
ഈഡൻ ഗാർഡൻസിലോ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലോ വെച്ച് മെസ്സിയുടെ പ്രതിമ അനാച്ഛാദനവും അന്ന് നടക്കും. ഈഡൻ ഗാർഡൻസിൽ നടത്താൻ ഉദ്ദേശിക്കുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് അനുമതിക്ക് പ്രശ്‌നമുള്ള സാഹചര്യത്തിൽ ഒരു ബാക്കപ്പ് വേദിയായി സാൾട്ട് ലേക്ക് സ്റ്റേഡിയവും പരിഗണനയിലുണ്ടെന്നും സംഘാടകർ അറിയിച്ചു.
സൗരവ് ഗാംഗുലി, ലിയാണ്ടർ പേസ്, ജോൺ എബ്രഹാം, ബൈചുങ് ബൂട്ടിയ എന്നിവർക്കൊപ്പം കൊൽക്കത്തയിൽ കളിക്കും. 500 രൂപ മുതലായിരിക്കും ടിക്കറ്റ് നിരക്ക്. പരിപാടിക്കിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മെസ്സിയെ ആദരിച്ചേക്കും. ഡിസംബർ 13-ന് വൈകുന്നേരം, അദാനി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി മെസ്സി അഹമ്മദാബാദിലേക്ക് പോകും. ഡിസംബർ 14-ന് മുംബൈയിലാണ് പരിപാടികൾ.
മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനും ഒരു 'ഗോട്ട് മൊമെന്റ്' ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിൽ 'ഗോട്ട് ക്യാപ്റ്റൻസ് മൊമെന്റി'ന്റെ ഭാഗമായി മെസ്സിയെ സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ്മ എന്നിവർക്കൊപ്പം അണിനിരത്തും. രൺവീർ സിംഗ്, ആമിർ ഖാൻ എന്നിവരടങ്ങുന്ന ഒരു ബോളിവുഡ് താരനിരയും ഇതോടൊപ്പം ഉണ്ടാകും.
ഡിസംബർ 15-ന് ഡൽഹിയിൽ ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന പരിപാടിക്കായി മെസ്സിയെത്തും. അതിന് മുമ്പായി മെസ്സി പ്രധാനമന്ത്രി മോദിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കും.
Post a Comment