കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ സംരംഭത്തിന് ഇന്ന് പത്ത് വയസ്സ്. ഡിജിറ്റൽ പണമിടപാടുകളിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യാ സംരംഭത്തിന് ഇന്ന് പത്ത് വയസ്സ്. ഇക്കാലയളവില്‍ ഡിജിറ്റൽ പണമിടപാടുകളിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിവര്‍ഷം ഒരു ലക്ഷം കോടി പണമിടപാടുകളാണ് യുപിഐയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

ഡിജിറ്റൽ രംഗത്തെ രാജ്യത്തിന്റെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ഡിജിറ്റൽ ഇന്ത്യ സംരംഭത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിൽ ഡിജിറ്റൽ പുരോഗതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും ശ്രീ മോദി വ്യക്തമാക്കി. 

രാജ്യത്തെ നഗരകേന്ദ്രങ്ങളിലും, സിയാച്ചിന്‍, ലഡാക്ക്, ഗല്‍വാന്‍ ഉള്‍പ്പെടെയുള്ള സൈനിക പോസ്റ്റുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ സാധിച്ചു. 5ജി സാങ്കേതികവിദ്യ അതിവേഗം നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ജനാധിപത്യവത്കരണത്തിന് ഡിജിറ്റല്‍ ഇന്ത്യ സംരംഭം മാര്‍ഗ്ഗമൊരുക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. 

Post a Comment

Previous Post Next Post