ബെംഗളൂരു: പൊതുവിടങ്ങളിൽനിന്ന് സ്ത്രീകളുടെ വീഡിയോകൾ ചിത്രീകരിച്ച് അവരുടെ സമ്മതമില്ലാതെ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. ഇൻസ്റ്റഗ്രാമിലൂടെ യുവതി ആശങ്ക ഉന്നയിച്ചതിന് പിന്നാലെയാണ് ബെംഗളൂരു പോലീസിന്റെ നടപടി. യുവതിയുടെ പ്രതികരണം വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ പോലീസ് സ്വമേധയാ എടുത്ത കേസിൽ 26-കാരനായ ഗുർദീപ് സിങ് എന്ന യുവാവാണ് ബെംഗളൂരു പോലീസിൻ്റെ പിടിയിലായത്. ബെംഗളൂരു കെ. ആർ. പുരത്തുള്ള ഇയാളുടെ താമസ സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു ചർച്ച് സ്ട്രീറ്റിൽ നിന്നുള്ള വീഡിയോ ക്ലിപ്പുകളെ ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി ഉന്നയിച്ചിരുന്നത്. ഇത്തരത്തിൽ തന്റെ അറിവില്ലാതെ ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിലെത്തിയതിന് പിന്നാലെ അപരിചിതരിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതായും യുവതി പറയുന്നു.
വീഡിയോ നീക്കം ചെയ്യാൻ ഇൻസ്റ്റഗ്രാമിനെ സാധ്യമായ വഴികളിലൂടെ ബന്ധപ്പെട്ടെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ലെന്നും യുവതി ആരോപിച്ചു. തെരുവിലെ തിരക്ക് എന്ന പേരിൽ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും ഇത്തരത്തിൽ അനുമതിയില്ലാതെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ അശ്ലീലമായും മറ്റും ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.
തനിക്ക് സംഭവിച്ചു. മറ്റു നിരവധി ആളുകൾക്കും ഇത് സംഭവിക്കുന്നു. അവർ പോലും അറിയാതെയാണ് അവരുടെ വീഡിയോയും ചിത്രങ്ങളും സമൂഹിക മാധ്യമങ്ങളിൽ ഇത്തരക്കാർ പ്രചരിപ്പിക്കുന്നതെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. മെറ്റയുമായി ബന്ധപ്പെട്ട് ഇത്തരം വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുമെന്ന് ബെംഗളൂരു പോലീസ് വ്യക്തമാക്കി.
Post a Comment