തൃശൂര്‍: നിറവയറിലും കടമ നിറവേറ്റാനായി ബുദ്ധിമുട്ടുകൾ കാര്യമാക്കാതെ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തി മാതൃകയായി പൊലീസ് ഉദ്യോഗസ്ഥ. ഒല്ലൂർ സ്റ്റേഷനിലെ മുൻ ഇൻസ്പെക്ടറെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതിക്കെതിരെ മൊഴി നൽകാനാണ് തൃശൂർ സിറ്റി ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മി എം എസ്സ് കോടതിയിൽ എത്തിയത്.
വീട്ടുകാരും സഹപ്രവർത്തകരും പ്രസവാവധി വൈകിപ്പിച്ചാല്‍ ഉണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ഈ കേസിൽ മൊഴി നൽകിയശേഷം അവധി എടുക്കാമെന്ന് ശ്രീലക്ഷ്മി തീരുമാനിക്കുകയായിരുന്നു. പ്രസവം അടുത്തതിനാൽ ദിവസവും ഓട്ടോറിക്ഷയിൽ ആണ് സ്റ്റേഷനിൽ ഡ്യൂട്ടിക്കായി എത്തിയിരുന്നത്.
കോടതിയിൽ മൊഴി നൽകേണ്ട ദിവസമായ ഇന്നലെ, നേരത്തെതന്നെ സ്റ്റേഷനിൽ എത്തി സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശ്ശൂർ മജിസ്ട്രേറ്റ് കോടതിയിൽ എത്തുകയും ചെയ്തു. എന്നാൽ കോടതിയിലേക്ക് കയറുന്നതിനു മുൻപ് രക്തസ്രാവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശ്രീലക്ഷ്മി ആൺകുഞ്ഞിന് ജന്മം നൽകി. പൂർണവിശ്രമം വേണ്ട സമയത്തും കൃത്യനിർവഹണത്തോടുള്ള ശ്രീലക്ഷ്മിയുടെ ആത്മാർത്ഥതയ്ക്കും അർപ്പണമനോഭാവത്തിനും തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പ്രശംസാപത്രം നൽകി അഭിനന്ദിച്ചു.
Post a Comment