കോട്ടയം: ആമ്പൽവസന്തം കാണാനെത്തുന്നവരെ കാത്ത് മലരിക്കലിലെ പാടശേഖരങ്ങളിൽ കാത്തുകിടക്കുന്നത് നൂറിലേറെ വള്ളങ്ങൾ. ഒരേസമയം രണ്ട് മുതൽ ഏഴ് പേർക്കുവരെ യാത്രചെയ്യാവുന്ന വള്ളങ്ങളാണ് ഇക്കുറി ഇവിടെയുള്ളത്.
കിളിരൂർ പാലം ഇറങ്ങി മലരിക്കലിലോട്ട് കയറുന്ന ഭാഗം മുതൽ വള്ളങ്ങൾ നിരന്നു കിടക്കുകയാണ്. സഞ്ചാരികൾക്ക് പാടത്തിന്റെ ഉൾഭാഗത്തേക്ക് യാത്രചെയ്‌ത് ആമ്പൽവസന്തം അടുത്തുകാണാനുള്ള അവസരമാണുള്ളത്.
1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിൻ്റെ മലരിക്കൽ ഭാഗത്തും 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ സാധാരണയായി വിരിയുന്നത്. തുടക്കഭാഗമായ ജെ ബ്ലോക്ക് ഒൻപതിനായിരം പാടത്തിന് ഇരുവശത്തും ഏകദേശം ഒന്നരക്കിലോമീറ്റർ റോഡിന് ഇരുവശവുമാണ് ആദ്യം കാഴ്ചയിൽപെടുന്ന പൂപ്പാടം.
എന്നാൽ നിലവിൽ ഈ ഭാഗത്ത് ആമ്പൽപ്പൂക്കൾ വിടർന്നിട്ടില്ല. അതിൻ്റെ എതിർവശത്ത് കായലിനോട് ചേർന്ന് പൂക്കളുണ്ട്. ഇതിനുപുറമേ ആ റോഡിലൂടെ അല്പംകൂടി മുന്നോട്ട് പോയി വള്ളത്തിൽക്കയറി പടിഞ്ഞാറേ ഭാഗത്തേക്ക് പോയാൽ പൂക്കാഴ്‌ച കാണാൻകഴിയും. അവിടെയുള്ള 650 ഏക്കറാണ് തിരുവായ്ക്കരി പാടശേഖരം. വള്ളത്തിൽ മുക്കാൽ മണിക്കൂർ യാത്രചെയ്താലേ അവിടെ എത്താൻ പറ്റൂ.
വള്ളത്തിൽക്കയറി ഒന്നരക്കിലോമീറ്റർ ഉള്ളിലേക്ക് യാത്രചെയ്‌താണ് ആമ്പൽപ്പൂക്കൾ കൺനിറയെ കാണുന്നത്. രാവിലെ പത്തുമണികഴിഞ്ഞാൽ പൂക്കൾ വാടുമെന്നറിയാതെ സമയംതെറ്റി എത്തുന്നവർ ഇപ്പോൾ വള്ളത്തിൽക്കയറി കായലിന് ചുറ്റുമുള്ള ആമ്പൽപ്പാടത്തിലൂടെ യാത്രനടത്തി തിരിച്ചുപോകുകയാണ്. ഒരു ചെറുവള്ളത്തിലെ സവാരിക്ക് ആയിരം രൂപയാണ് ഈടാക്കുന്നത്.
'വള്ളസവാരിക്ക് ഒരാൾക്ക് 200 രൂപയാണ് ഈടാക്കുന്നത്. കുറഞ്ഞത് അഞ്ച് പേരെങ്കിലും വള്ളത്തിൽ കയറുമ്പോൾ 1000 രൂപ ലഭിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വള്ളങ്ങൾ ഇത്തവണയുണ്ട്. എൻജിൻ അടക്കം ഒരുലക്ഷം മുടക്കിയാണ് പലരും പുതിയ വള്ളങ്ങൾ വാങ്ങിരിക്കുന്നത് നാട്ടുകാരനും വള്ള ഉടമയുമായ വാഴവേലിൽ പി.പി. സുരേഷ് പറയുന്നു.
Post a Comment