ഹരിതകർമ സേനയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ നഗര പ്രദേശങ്ങളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഇ-മാലിന്യ ശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെവ്വാഴ്ച നടക്കും. രാവിലെ 11 മണിക്ക് അമരവിള ആർ.ആർ.എഫിൽ പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവഹിക്കും.
കെ. ആൻസലൻ എം.എൽ.എ അധ്യക്ഷനാകുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ പി. കെ. രാജമോഹനൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ റ്റി.വി, ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ കോർപ്പറഷനുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും നിന്നുമാണ് ഇ-വേസ്റ്റ് ശേഖരിക്കുന്നത്.
മാലിന്യം ശേഖരിക്കുമ്പോൾ ഒരു നിശ്ചിത തുക ഹരിത കർമസേന വീടുകളിൽ നൽകും. ഇതിനായി മുൻകൂർ തുക ഹരിത കർമസേനയുടെ കൺസോർഷ്യം ഫണ്ടിൽ നിന്നും ചിലവഴിക്കുകയും മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുമ്പോൾ ടി തുക ഹരിത കർമസേനയുടെ സർവീസ് തുക ഉൾപ്പെടെ ക്ലീൻ കേരള കമ്പനി ഹരിത കർമസേന കൺസോർഷ്യത്തിന് നൽകും. ഇതിനായി ഹരിത കർമസേനയ്ക്കുള്ള പരിശീലനം സംസ്ഥാന വ്യാപകമായി ആരംഭിച്ചു കഴിഞ്ഞു. ശേഖരിക്കപ്പെടുന്ന ആപത്കരമായ ഇ മാലിന്യത്തിന് തദ്ദേശ സ്ഥാപനങ്ങൾ നിശ്ചിത തുക ക്ലീൻ കേരള കമ്പനിക്ക് നൽകണം.
Post a Comment