നിർമിതബുദ്ധിയുടെ വികാസത്തിന്റെ അതിവേഗം വൻ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും എന്നാൽ, വൻകിട ടെക് കമ്പനികളാരും തന്നെ ഈ അപകടം തുറന്നു പറയുന്നില്ലെന്നും എ.ഐയുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന നൊബേൽ ജേതാവ് ജെഫ്രി ഹിന്റൺ. ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ്വർക്കുകളെ കുറിച്ച പഠനത്തിന്, ജോൺ ജെ. ഹോപ്ഫീൽഡിനൊപ്പം 2024ലെ ഫിസിക്സ് നൊബേൽ പങ്കുവെച്ച ഹിന്റണിന്റെ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണമാണ് എ.ഐയുടെ ഇന്നു കാണുന്ന വികാസത്തിന് അടിസ്ഥാനമിട്ടത്.
ഏറ്റവും പുതിയ എ.ഐ സിസ്റ്റങ്ങൾ കൂടുതൽ കൂടുതൽ സ്മാർട്ടായിക്കൊണ്ടിരിക്കുന്നുവെന്നും അവ കാര്യങ്ങൾ വിശകലനം ചെയ്യുന്ന വിധം മനുഷ്യർക്ക് മുഴുവനായി മനസ്സിലാകാതെ വന്നിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ‘‘എല്ലാവരുടെയും പ്രതീക്ഷക്കും അപ്പുറമാണ് ഈ വികാസങ്ങൾ. കരിയറിന്റെ തുടക്കത്തിൽ ഈ അപകടം മുൻകൂട്ടി കാണാൻ സാധിക്കത്തതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. എന്തെല്ലാം അപകടങ്ങളാണ് കാത്തിരിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കേണ്ടിയിരുന്നു.’’ -അദ്ദേഹം പറയുന്നു. ഒരു പതിറ്റാണ്ടുകാലം ഗൂഗിളിൽ പ്രവർത്തിച്ച ഹിന്റൺ 2023ൽ ആണ് കമ്പനി വിട്ടത്.
Post a Comment