ആക്സിയം-4 ദൗത്യത്തിലെ ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും സംഘവും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി : ദൗത്യ സംഘത്തെ അഭിനന്ദിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും.

ആക്സിയം-4 ദൗത്യത്തിലെ ഇന്ത്യൻ ബഹിരാകാശയാത്രികൻ ശുഭാംശു ശുക്ലയും മറ്റ് മൂന്ന് യാത്രികരും 18 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. കാലിഫോർണിയയിലെ സാൻ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിന്‍റെ സ്പ്ലാഷ് ലാന്‍‍ഡിംഗ് നടന്നു. 

ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുന്നതിനായി നാല് യാത്രികരും ഏഴ് ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാകും. കഴിഞ്ഞ മാസം 25 നാണ് ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ-9 റോക്കറ്റ്  വിക്ഷേപിച്ചത്. ഈ യാത്രയോടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരൻ, 1984 ൽ ബഹിരാകാശ യാത്ര നടത്തിയ വിംഗ് കമാൻഡർ രാകേഷ് ശർമ്മയ്ക്ക് ശേഷം ബഹിരാകാശയാത്ര നടത്തിയ രണ്ടാമത്തെ ഇന്ത്യന്‍ യാത്രികൻ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കി. 

ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു  ശുക്ലയെയും  ദൗത്യ സംഘത്തെയും അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രാജ്യത്തിന്‍റെ ബഹിരാകാശ മേഖലയില്‍ പുതിയ നാഴികക്കല്ല് സ‍ൃഷ്ടിച്ചതായി രാഷ്ട്രപതി പറഞ്ഞു.ശുഭൻഷു ശുക്ലയുടെ സമർപ്പണം, ധൈര്യം, എന്നിവ നൂറുകോടിയിലധികം ജനങ്ങളുടെ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകിയതായി പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണിതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. 


Post a Comment

Previous Post Next Post