സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെട്ടിരുന്ന അൽവലീദ് ബിൻ ഖാലിദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (36) അന്തരിച്ചു. മരണത്തിനും ജീവിതത്തിനുമിടയിൽ 20 വർഷത്തോളമാണ് കണ്ണുപോലും തുറക്കാതെ കോമയിൽ കിടന്നത്. സൗദി പ്രസ് ഏജൻസിയാണ് മരണവിവരം അറിയിച്ചത്.
2005ൽ ലണ്ടനിൽ പഠനത്തിനിടെയാണ് അൽവലീദ് ബിൻ ഖാലിദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. അപകടത്തിനുശേഷം ഒരിക്കൽ പോലും കണ്ണുതുറന്നില്ല. ഇതോടെയാണ് രാജകുടുംബാംഗമായ അൽവലീദ് ബിൻ ഖാലിദ് ഉറങ്ങുന്ന രാജകുമാരൻ എന്നറിയപ്പെട്ടത്. അന്നുമുതൽ ഈ 20 വർഷവും കോമയിലായിരുന്നു.
ഒരു പ്രതീക്ഷയും ഇല്ലാതിരുന്നിട്ടും ജീവൻ രക്ഷാ സംവിധാനങ്ങൾ മാറ്റി മരണത്തിന് വിട്ടു കൊടുക്കാൻ പിതാവ് ഖാലിദ് ബിൻ തലാൽ തയാറായില്ല. പകരം എല്ലാം വീട്ടിലൊരുക്കി മകൻ ദൈവം വിളിക്കുമ്പോൾ പോകട്ടെയെന്ന് അൽ സൗദ് കുടുംബം നിലപാടെടുത്തു. മുറി മനോഹരമായി അലങ്കരിച്ചു. കണ്ണുകൾ തുറക്കാതിരിക്കുമ്പോഴും സ്നേഹ പരിചരണത്താൽ രാജകുമാരൻ എപ്പോഴും ഭംഗിയോടെ കാണപ്പെട്ടു.
Post a Comment