ജില്ലാതല ഓണാഘോഷം സെപ്റ്റംബര്‍ 1 മുതൽ 7 വരെ എട്ടു വേദികളിൽ : ആഘോഷം കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

കോഴിക്കോട് ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വിപുലവും വൈവിധ്യവുമാർന്ന പരിപാടികളോടെയായിരിക്കും ഇത്തവണത്തെ  ഓണാഘോഷം സംഘടിപ്പിക്കുകയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ക്രാഫ്റ്റ് വില്ലേജുമായി ചേര്‍ന്ന് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പ്രശസ്ത കലാകാരന്മാരെ അണിനിരത്തി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എട്ട് കേന്ദ്രങ്ങളിലാണ് ഓണാഘോഷം സംഘടിപ്പിക്കുക. കോഴിക്കോട് ബീച്ച്, ബേപ്പൂര്‍, സര്‍ഗാലയ, ലുലു മാൾ, കുറ്റിച്ചിറ, തളി, മാനാഞ്ചിറ, ടൗണ്‍ഹാള്‍ എന്നിവയാണ് വേദികള്‍. വാണിജ്യമേള, ഫ്‌ളവര്‍ഷോ, കൈത്തറി കരകൗശലമേള, ഭക്ഷ്യമേള, പുസ്തകോത്സവം, പൂക്കള മത്സരം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാക്കും. ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി നിക്ഷേപക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വിപുലമായ രീതിയിലുള്ള ജനകീയ പൂക്കള മത്സരം ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാകുമെന്നും മന്ത്രി പറഞ്ഞു. സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശവുമായി എത്തുന്ന ഓണാഘോഷത്തെ ജനകീയ ഉത്സവമാക്കി മാറ്റാൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും മന്ത്രി പറഞ്ഞു.

നിരവധി സവിശേഷതകളോടു കൂടിയതാണ് ഈ വര്‍ഷത്തെ ഓണാഘോഷമെന്നും ദേശീയോത്സവം എന്ന തലത്തിലേക്ക് അതിനെ എത്തിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായും  മേയര്‍, ജില്ലയിലെ എംപിമാർ, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടവർ രക്ഷാധികാരികളായും സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് സംഘാടക സമിതി ചെയര്‍മാനും തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ വര്‍ക്കിങ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ജനറല്‍ കണ്‍വീനറുമാണ്. കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, ടൂറിസം ജെഡി ടി ഗിരീഷ് കുമാര്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ്, ശ്രീ പ്രസാദ് (ക്രാഫ്റ്റ് വില്ലേജ്) എന്നിവര്‍ കോഓഡിനേറ്റര്‍മാരും സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം പി സുരേഷ്, ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ കണ്‍വീനര്‍മാരുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. ഓണാഘോഷത്തിൻ്റെ വിജയത്തിനായി പത്തിലേറെ സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന  യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെ എം സച്ചിന്‍ ദേവ്, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, എഡിഎം പി സുരേഷ്, ടൂറിസം വകുപ്പ് ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു

Post a Comment

Previous Post Next Post