മാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2021, 2022, 2023 വർഷങ്ങളിലേത് യഥാക്രമം കെ.ജി. പരമേശ്വേരൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, എൻ. അശോകൻ എന്നിവർക്കാണ് ലഭിച്ചത്. ഒരു ലക്ഷം രൂപ, പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശിൽപ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം.
ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ന്യൂസ് ഫോട്ടോഗ്രഫി, കാർട്ടൂൺ, ടി.വി. ന്യൂസ് റിപ്പോർട്ടിംഗ്, ടി.വി. സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിംഗ്, ടി.വി. ന്യൂസ് എഡിറ്റിംഗ്, ടി.വി. ന്യൂസ് ക്യാമറ, ടി.വി. ന്യൂസ് പ്രസന്റർ, ടി.വി. അഭിമുഖം എന്നീ വിഭാഗങ്ങളിൽ 2022, 2023 വർഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 25,000 രൂപ, ശിൽപ്പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായവർക്ക് 15,000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു. സംസ്ഥാന സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് 'വികസനം, ക്ഷേമം, സന്തോഷ കാഴ്ചകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സര വിജയികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനൽകുമ്പോഴും മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഭീഷണികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. ലോകത്തെവിടെയും വംശീയതയും വർഗീയതയും വേരോടുമ്പോൾ ആദ്യം വേട്ടയാടപ്പെടുന്നതു മാധ്യമങ്ങളും മാധ്യമപ്രവർത്തകരും തന്നെയാകും. ഈ ബോധ്യത്തോടെ സ്വന്തം നാടിനെയും സ്വന്തം തൊഴിൽ മേഖലയെയും സംരക്ഷിക്കാൻ മാധ്യമപ്രവർത്തകർ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി എൻ. പ്രഭാവർമ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡന്റ് റെജി കെ.പി., ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, ഡയറക്ടർ ടി.വി. സുഭാഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Post a Comment