വീണ്ടും കോവിഡ് പടരുന്നു, ആശങ്കയായി പുതിയ NB.1.8.1 വകഭേദം; ഈ 5 രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കാം.

ആഗോളതലത്തിൽ ആശങ്കയായി വീണ്ടും കോവിഡ് വ്യാപനം. പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം ആശങ്കാജനകമായ രീതിയിൽ വർധിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മെയ് മാസത്തിലെ കണക്കനുസരിച്ച് നിരവധി രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. NB.1.8.1 എന്ന വകഭേദമാണ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ യാത്ര ഒഴിവാക്കേണ്ട 5 രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.  

ചൈന : കോവിഡ് കേസുകളിൽ വീണ്ടും ആശങ്കപ്പെടുത്തുന്ന രീതിയിൽ വർ‍ധനവ് കാണുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. കോവിഡ് വ്യാപകമായി പടരുന്നതിനാൽ രാജ്യത്ത് നിരവധിയാളുകളാണ് ആശുപത്രികളിലേയ്ക്ക് എത്തുന്നത്. NB.1.8.1 എന്ന വകഭേദമാണ് ചൈനയിൽ പടരുന്നത്. ആഗോളതലത്തിൽ ഈ വകഭേദം അതിവേഗം പടരുന്നതിനാൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

സിംഗപ്പൂർ  : സിംഗപ്പൂരിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ ​ഗണ്യമായ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. നൂറുകണക്കിന് പുതിയ പുതിയ കേസുകളാണ് സിം​ഗപ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇവയിൽ ഭൂരിഭാഗവും NB.1.8.1 വകഭേദവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ കണക്കുകൾ പരിശോധിച്ചാൽ പ്രതിദിനം ശരാശരി 225 ആളുകളാണ് ആശുപത്രിയിലെത്തിയിരുന്നതെങ്കിൽ അത് നിലവിൽ 350 ആയി ഉയർന്നിരിക്കുകയാണ്. ശരാശരി പ്രതിദിന ഐസിയു കേസുകൾ ഒമ്പതായി ഉയരുകയും ചെയ്തു.  

തായ്‌വാൻ  : തായ്‌വാനിലും കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേയ്ക്ക് സർക്കാർ കടന്നുകഴിഞ്ഞു. പരിശോധനകൾ മെച്ചപ്പെടുത്തുകയുൾപ്പെടെ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരായിക്കഴിഞ്ഞു. തായ്‌വാനിലേയ്ക്ക് പോകുന്നവർ അവിടെയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് മനസിലാക്കുകയും അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവയ്ക്കാനും ശ്രമിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്.   

ഹോങ്കോങ്ങ്  : ഹോങ്കോങ്ങിൽ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. NB.1.8.1 വകഭേദമാണ് ഹോങ്കോങ്ങിലും പടരുന്നത്. ഇതോടെ ആരോഗ്യ മേഖല വീണ്ടും സമ്മർദ്ദത്തിലായി. കൂടാതെ സർക്കാർ സാമൂഹിക അകലം പാലിക്കൽ നടപടികളും യാത്രാ നിയന്ത്രണങ്ങളും വീണ്ടും നടപ്പിലാക്കി. ഒഴിവാക്കാനാകാത്ത ഏതെങ്കിലും തരത്തിലുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് സന്ദർശകർ നിയന്ത്രണങ്ങളെ കുറിച്ചും മുന്നറിയിപ്പുകളെ കുറിച്ചും കൃത്യമായി മനസിലാക്കിയിരിക്കണം.   

അമേരിക്ക : അമേരിക്കയിലും കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ന്യൂയോർക്ക്, കാലിഫോർണിയ, ഒഹായോ എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ NB.1.8.1 വേരിയന്റുമായി ബന്ധപ്പെട്ട കേസുകളിൽ വർധനവുണ്ടാകുന്നതായാണ് റിപ്പോർട്ട്. സെന്റർ ഫോർ ഡിസീസ് കൺട്രോൺ ആൻഡ് പ്രിവൻഷൻ (സിഡിസി) സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളെ കുറിച്ചും മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ചും വ്യക്തമായ ധാരണയില്ലാതെ ഇവിടങ്ങളിലേയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ നല്ലത്.  

Post a Comment

Previous Post Next Post