കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പൽ മുങ്ങി; കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു.

കൊച്ചിയിൽ അപകടത്തിൽപ്പെട്ട് എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങി. ദുരന്ത നിവാരണ അതോറിറ്റിയാണ് കപ്പൽ മുങ്ങിയെന്ന് വ്യക്തമാക്കുന്നത്. കൂടുതൽ കണ്ടെയ്നറുകൾ കടലിൽ പതിച്ചു. അതേസമയം കപ്പലിൽ അവശേഷിച്ച മൂന്നു പേരെ കൂടി മാറ്റി. ഇന്ന് കണ്ടെയ്‌നറുകൾ മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനായി ഇതേ കമ്പനിയുടെ മറ്റൊരു കപ്പൽ എത്തിച്ചിരുന്നു. ഇതിനിടെയാണ് കപ്പല്‍ മുങ്ങിയത്. 

കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. 21 പേരെ ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന്  കോസ്റ്റ് ഗാർഡ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കപ്പൽ മുങ്ങാൻ തുടങ്ങിയതോടെ കപ്പലിൽ അവശേഷിച്ച ക്യാപ്റ്റൻ അടക്കമുള്ള മൂന്നു പേരെയും മാറ്റുകയായിരുന്നു. കണ്ടെയ്‌നറുകൾ കേരളതീരത്ത് ഉച്ചയോടെ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ശനിയാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞത്തു നിന്നും കൊച്ചി തീരത്തേക്ക് പുറപ്പെട്ട കപ്പൽ കൊച്ചി തീരത്തോട് ചേർന്ന് ചെരിഞ്ഞത്.വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്.  ഉച്ചയ്ക്ക് 1.25ന് ആയിരുന്നു അപകടം. കപ്പലിലെ കണ്ടെയ്‌നറുകളിൽ അപകടകരമായ രാസവസ്തുക്കൾ ഉണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിരുന്നു. 

Post a Comment

Previous Post Next Post