തൃശ്ശൂരിൽ മഴ ശക്തം. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരക്കൊമ്പുകൾ വീണു. രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ജാം നഗർ-തിരുനെൽവേലി എക്സ്പ്രസിന്റെ സെക്കന്റ് ക്ലാസ് ബോഗികളുടെ മുകളിലാണ് മരച്ചില്ലകൾ കാറ്റിൽ മുറിഞ്ഞ് വീണത്. ഉടൻ തന്നെ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ടിആർഡി സംഘം സ്ഥത്തെത്തി മരം മുറിച്ചു മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്. ഒരു മണിക്കൂറോളം ട്രെയിൻ നിർത്തിയിടേണ്ടി വന്നു.
വയനാട്ടിലും മഴ ശക്തം. ശക്തമായ കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തിൽ സുരേഷിന്റെ മകൾ നമിതക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ സുൽത്താൻബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടമുണ്ടായത്. ഗിത്താർ പഠിക്കുന്നതിനായി എത്തിയ നമിത വാഹനമിറങ്ങി നടന്നുപോകുന്നതിനിടെ പാതയോരത്ത് നിന്നിരുന്ന പൂമരത്തിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ നമിതയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്തങ്ങയിൽ ഇലക്ട്രിക് പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. വീണു കിടക്കുന്ന മരത്തിനടിയിലൂടെ കെഎസ്ആർടിസി ബസ് സാഹസികമായി കടന്നുപോകുന്നതിനിടെ കുടുങ്ങി. പണിപ്പെട്ടാണ് കെഎസ്ആർടിസി ബസ് കടന്നുപോയത്. മരം പിന്നീട് മുറിച്ചുമാറ്റി. പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി.
പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പമ്പ, അച്ചനകോലിൽ ആറുകളിൽ ചെറിയതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മലയോര മേഖലയിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ഗവി അടക്കം വിനോദസഞ്ചാരമേഖലയിലേക്കും യാത്രാവിലക്കുണ്ട്.
Post a Comment