എറണാകുളത്ത് മൂന്നു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റൂറൽ എസ്പി ഹേമലത വ്യക്തമാക്കി. പ്രതിയുടെ അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്യും. സന്ധ്യയെ വൈദ്യ പരിശോധനക്ക് ഹാജരാക്കും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും എസ്പി പറഞ്ഞു.
നേരത്തെ അമ്മ പുഴയിലേക്ക് എറിഞ്ഞ് കൊന്നത് തന്നെയാണെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തു വന്നിരുന്നു. മൃതദേഹത്തിൽ മറ്റു ബാഹ്യപരിക്കുകളില്ലെന്നും ചെവിക്ക് പുറകിൽ നേരിയ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പുഴയിലേക്ക് എറിഞ്ഞപ്പോൾ എവിടെയെങ്കിലും ഉരഞ്ഞതാകാം എന്നായിരുന്നു നിഗമനം. പോസ്റ്റുമോർട്ടത്തിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കുട്ടിയുടെ അമ്മ സന്ധ്യക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ടോർച്ചെടുത്ത് തലക്കടിച്ചും, ഐസ്‌ക്രീമിൽ വിഷം ചേർത്തും സന്ധ്യ നേരത്തെയും മകളെ കൊല്ലാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് മൂന്നരവയസുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ബസ് യാത്രക്കിടെ കുട്ടിയെ കാണാനില്ലെന്നായിരുന്നു ആദ്യം സന്ധ്യ പറഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോഴും ആദ്യം ഇതുതന്നെ പറഞ്ഞെങ്കിലും പുഴയിലെറിഞ്ഞെന്ന് പിന്നീട് മൊഴി നൽകി.
കുട്ടിയുമായി സന്ധ്യ പോകുന്ന സിസിടിവി ദൃശ്യങ്ങളും നിർണായകമായി. സന്ധ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പുലർച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിന് അടിയിൽ നിന്നാണ് കല്യാണിയുടെ മൃതദേഹം കിട്ടിയത്. ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ് സന്ധ്യയിപ്പോൾ.
Post a Comment