കൂരിയാട് നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാത തകർന്നു അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. മണ്ണും കോൺഗ്രീറ്റ് കട്ടയും വന്ന വീണ് സർവ്വീസ് റോഡും ഇടിഞ്ഞു താഴ്ന്നു. സർവ്വീസ് റോഡിലൂടെ പോകുകയായിരുന്ന രണ്ടു കാറുകൾ അപകടത്തിൽ പെട്ടു. ഈ കാറിലെ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നതിനിടെയാണ് ദേശീയ പാത അപ്രതീക്ഷിതമായി തകർന്നത്.
50 അടി ഉയരത്തിലുള്ള ദേശീയ പാതയാണ് ഇടിഞ്ഞ് വീണത്. മണ്ണും കോൺഗ്രീറ്റ് കട്ടയും വന്ന വീണ് സർവ്വീസ് റോഡിൽ വലിയ വിള്ളലുകളുണ്ടായി. സർവ്വീസ് റോഡ് പൂർണ്ണമായും ഇടിഞ്ഞ് താഴുകയും ചെയ്തു. അപകടത്തിൻ്റെ ആഘാതത്തിൽ റോഡിനോട് ചേർന്നുള്ള വയലിലും വിള്ളലുകൾ രൂപപ്പെട്ടു. കോൺക്രീറ്റ് കട്ടകൾ കൊണ്ട് നിർമ്മിച്ച ദേശീയ പാതയുടെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞു വീഴുന്നതു കണ്ട് സർവ്വീസ് റോഡിലെ കാർ യാത്രികർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയില്‍ കല്ലുകൾ ദേഹത്തു വീണ് ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അശാസ്ത്രീയമായ നിര്‍മ്മാണമാണ് ദേശീയപാത തകരാൻ കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. അപകടത്തെ തുടർന്ന് മലപ്പുറം ജില്ലാ കളക്ടർ നാളെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കരാർ കമ്പനി പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
Post a Comment