നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണം. മലപ്പുറം ജില്ലയില്‍ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്ന് ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്.  നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്.

നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 11 പേര്‍ക്ക് ആന്റി വൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നല്‍കി വരുന്നു. ഫീവര്‍ സര്‍വൈലന്‍സിന്റെ ഭാഗമായി നിശ്ചയിച്ച മുഴുവന്‍ വീടുകളും (4749) സന്ദര്‍ശിച്ചു.  പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കി. നിപ അന്താരാഷ്ട്ര തലത്തില്‍ തന്നെ പൊതുജനാരോഗ്യ മുന്‍ഗണനായുള്ളതും ദേശീയ/സംസ്ഥാന പ്രോട്ടോകോളുകള്‍ നിലവിലുള്ളതുമായ അണുബാധയാണ്.   മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും 21 ദിവസം നിര്‍ബന്ധമായും ഐസൊലേഷനില്‍/റന്റൈനില്‍ തന്നെ തുടരണം. 21 ദിവസം പൂര്‍ണമായും യാത്ര ഒഴിവാക്കണം. മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരരുത്. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.  

Post a Comment

Previous Post Next Post